ചാലക്കുടി: തച്ചുടപ്പറമ്പ് ഇരട്ടക്കുളം റോഡിന്റെ ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനം പൊളിച്ചു നീക്കുന്ന തീരുമാനം തടഞ്ഞ് ചാലക്കുടി മുൻസിഫ് കോടതി ഉത്തരവ്. കരാറുകാരൻ കെ.പി. ജോയ്, നൽകിയ ഹർജിയിൽ മുൻസിഫ് ഷിബു ഡാനിയേലിന്റേതാണ് ഉത്തരവ്.
എല്ലാ നിബന്ധനകളും പാലിച്ച് കാരാർ പ്രകാരം നിർമ്മിച്ച റോഡ് ഗുണനിലവാരം നോക്കുന്നതിന് മുമ്പ് പൊളിക്കാനുള്ള നഗരസഭയുടെ തീരുമാനം നീതി നിഷേധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. താൻ ഇതുവരെ ചെലവഴിച്ച പണത്തിന്റെ കാര്യത്തിലും നഗരസഭാ കൗൺസിൽ തീരുമാനം എടുത്തില്ലെന്നും ഇയാൾ കോടതിയെ ബോധിപ്പിച്ചു.
ഇതോടെ വിവാദ പാടശേഖരത്തിലെ റോഡ് നിർമ്മാണ വിഷയം മറ്റൊരു ദിശയിലേക്ക് നീങ്ങുകയാണ്. പ്രസ്തുത വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. നഗരസഭയ്ക്ക് അനുകൂലമായി ഉത്തരവുണ്ടായാലും കരാറുകാരന്റെ നിലപാടും ഹൈക്കോടതി പരിഗണിച്ചേക്കും.
ഇരട്ടക്കുളം നവീകരണത്തിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാർഡ് കൗൺസിലർ പാടശേഖരത്തിൽ റോഡ് നിർമ്മിച്ചെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇതുവരെ നടന്ന നിർമ്മാണ പ്രവർത്തത്തിന് 15 ലക്ഷത്തോളം രൂപ ചെലവായതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
ആരോപണങ്ങളെ തുടർന്ന് മേയ് 31ന് ചേർന്ന കൗൺസിൽ യോഗമാണ് പ്രതിപക്ഷ എതിർപ്പിനെ മറികടന്ന് റോഡ് പൊളിക്കാൻ തീരുമാനിച്ചത്. പൊളിക്കാൻ ഉദ്യോഗസ്ഥർ എത്തുമെന്ന് പറഞ്ഞ ജൂൺ രണ്ടിന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി.