തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃശൂർ കോർപറേഷൻ മാതൃകാപരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് മേയർ അജിത ജയരാജൻ. കൗൺസിലർമാരിൽ ഒരാൾ കൊവിഡ് രോഗിയുമായി ഇടപഴകിയെന്ന ആരോപണത്തെ തുടർന്ന് വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ.
കളക്ടർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രമായി പ്രഖ്യാപിച്ച കേന്ദ്രത്തിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നര മാസമായി ഈ കേന്ദ്രം പ്രവർത്തിച്ചു വരുന്നു. ഇതിനകം 100 കണക്കിന് പേർ ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ മേൽവിലാസം കണ്ടു പിടിക്കുന്നതിനായി ആരോഗ്യ, റവന്യൂ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ പലരും കൗൺസിലർമാരെ സമീപിക്കാറുണ്ട്.
ആവശ്യമായ മുൻകരുതലുകൾ എടുത്തുകൊണ്ട് തന്നെ കൗൺസിലർമാർ ഇവരെ സഹായിക്കാറുണ്ട്. കോർപറേഷൻ പരിധിയിലെ കൂർക്കഞ്ചേരിയിലും, പൂങ്കുന്നത്തും, കൊക്കാലയിലും ഉൾപ്പെടെ രോഗം വന്നവർ രോഗ വിമുക്തരാവുകയും ചെയ്തു. ജനറൽ ആശുപത്രിയിൽ മികച്ച സേവനങ്ങളാണ് കോവിഡുമായി ബന്ധപ്പെട്ട് നൽകുന്നതെന്നും മേയർ വ്യക്തമാക്കി.