പാവറട്ടി: പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മുല്ലശ്ശേരി സ്വദേശിനി മരിച്ച സംഭവത്തിൽ കേസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലശ്ശേരി യുവചേതനയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് സമരശൃംഖല തീർക്കുന്നു. മരിച്ച യുവതിയുടെ മുല്ലശ്ശേരിയിലെ ജന്മഗൃഹം മുതൽ ദുരൂഹ മരണരത്തിനിരയായ പെരിങ്ങോട്ടുകരയിലെ ഭർതൃവീട് വരെ കൊവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ടാണ് സമരം. വൈകീട്ട് 5ന് ആരംഭിക്കുന്ന സമര ശൃംഖല 5.30 ന് അവസാനിക്കും. തിരഞ്ഞെടുക്കപെട്ട12 കേന്ദ്രങ്ങളിൽ ഒരേ സമയം 5 പേർ വീതം കേന്ദ്രീകരിച്ചാണ് സമര ശൃംഖല തീർക്കുക.
കഴിഞ്ഞ ജനുവരി ആറിനാണ് മുല്ലശ്ശേരി സ്വദേശിയായ നരിയംപുള്ളി വീട്ടിൽ സുകുമാരൻ - ശ്രീദേവി ദമ്പതികളുടെ മകൾ ശ്രുതി (26) പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ വെച്ച് ദുരൂഹസാചര്യത്തിൽ മരിച്ചത്. വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമേ ആയിരുന്നുള്ളൂ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിലേറ്റ പരിക്കാണ് മരണകാരണമായി പറയുന്നുണ്ടെങ്കിലും മരണത്തിലെ ദുരൂഹത അകറ്റാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് യുവചേതന ഭാരവാഹികൾ പറയുന്നത്.

യുവതി കുഴഞ്ഞുവീണ് മരിച്ചു എന്ന രീതിയിൽ മാത്രമുള്ള നിലപാടിലായിരുന്ന അന്തിക്കാട്‌ പൊലീസ്, പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിലേറ്റ സമ്മർദ്ദമാണ് മരണകാരണമെന്ന പരാമർശം പോലും ഗൗരവത്തിലെടുത്തില്ലെന്നും യുവചേതന പ്രസിഡന്റ് വിപിൻ കെ.ബി, സെക്രട്ടറി എ.സി. മിഥുൻ എന്നിവർ പറഞ്ഞു. ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ എസ്.പി.യുടെ നേതൃത്വത്തിലുള്ള ക്യൂ ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്ന് അന്തിക്കാട് എസ്.ഐ: കെ.ജെ. ജിനേഷ് പറഞ്ഞു.