തൃശൂർ: ജില്ലയിൽ മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ ആകെ കണ്ടെയ്ൻമെന്റ് സോണുകൾ 13 ആയി. അളഗപ്പനഗർ പഞ്ചായത്തിലെ 3, 4 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 15, 16 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ വാർഡ് 12 എന്നിവയാണ് പുതിയ സോണുകൾ. വാടാനപ്പിള്ളി പഞ്ചായത്ത്, ഏങ്ങണ്ടിയൂർ പഞ്ചായത്ത്, ചാവക്കാട് നഗരസഭ, തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41ാം ഡിവിഷനും ഉൾപ്പെട്ട പ്രദേശം, വടക്കേക്കാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ പഞ്ചായത്തുകൾ, ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുളള വാർഡുകൾ എന്നിവയും കണ്ടെയ്ൻമെന്റ് സോണുകളായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
9 ജീവനക്കാർക്ക് കൊവിഡ്
ചാവക്കാട് താലൂക്ക് ആശുപത്രി ഭാഗികമായി അടച്ചു
ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ നാല് ജീവനക്കാർക്ക് കൂടി ഇന്ന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ 161 ജീവനക്കാരിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി ഭാഗികമായി അടച്ചു. ഇന്നലെ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരാണ്. ഇവർ രോഗികൾക്ക് പുറമെ പൊതുജനങ്ങളുമായി ബന്ധമുള്ളവരാണെന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. മറ്റ് രണ്ടുപേർ രോഗികളുമായി സമ്പർക്ക സാദ്ധ്യത ഇല്ലാത്ത ഓഫീസ് സ്റ്റാഫുകളാണ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വാടാനപ്പിള്ളിയിലുള്ള ഡോക്ടർ ആശുപത്രി സന്ദർശിച്ചിരുന്നു. ഇയാളിൽ നിന്നാണ് ജീവനക്കാർക്ക് രോഗബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ദേവസ്വം ആശുപത്രിയിലെ
ജീവനക്കാർ ക്വാറന്റൈനിൽ
ഗുരുവായൂർ: ശ്വാസ തടസം നേരിട്ട് ചികിത്സ തേടിയെത്തിയ രോഗി മരണപ്പെട്ടതിനെ തുടര്ന്ന് ഗുരുവായൂര് ദേവസ്വം ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെ 15 ഓളം പേരെയാണ് നിരീക്ഷണത്തിലാക്കിയത്. വടക്കേക്കാട് കല്ലൂർ നാറാണത്ത് വീട്ടിൽ ജലാലുദ്ദീൻ ഭാര്യ കദീജയാണ് (54) മരണപ്പെട്ടത്.