ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിലെ വെണ്ടോർ നോർത്ത്, വെണ്ടോർ സെന്റർ ഉൾപ്പെടുന്ന 3, 4 വാർഡുകൾ റെഡ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസ്, പള്ളി, സ്‌കൂൾ എന്നിവയും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടും. ആംബുലൻസ് ഡ്രൈവർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് നടപടി. ഇയാളുമായി സമ്പർക്കത്തിലായ പത്തിലേറെ വീട്ടുകാർ ക്വാറന്റൈനിലാണ്. കൊവിഡ് വ്യാപനം തടയാൻ വാർഡുകൾ അടച്ചിടാൻ ജില്ലാ ഭരണകൂടം പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി.
ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച അളഗപ്പനഗർ പഞ്ചായത്തിലെ നാലാം വാർഡിലെ 460 വീടുകളിലേക്ക് 2500 മാസ്‌കുകൾ വിതരണം ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതലിന്റെ ഭാഗമായി സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ്, ഹാൻഡ് വാഷ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സനൽ മഞ്ഞളി വിതരണോദ്ഘാടനം നിർവ്വഹിച്ചു. രണ്ട് സ്വകാര്യ വ്യക്തികളാണ് വിതരണത്തിനുള്ള മാസ്‌കുകൾ കൈമാറിയത്.