കൊടുങ്ങല്ലൂർ: കടലാക്രമണത്തെ ചെറുക്കാൻ ദീർഘകാലം നീണ്ടു നിൽക്കുന്ന ജിയോ ബാഗുകൾ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും കടൽക്ഷോഭം സംബന്ധിച്ചുള്ള എല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തുമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. എറിയാട് കടപ്പുറത്ത് ജിയോ ബാഗ് തടയണയുടെ നിർമ്മാണ പ്രവൃത്തികൾ സന്ദർശിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം.

നിലവിൽ കുറച്ച് ഭാഗം മാത്രമാണ് തടയണ നിർമ്മാണം പൂർത്തിയാകാത്ത സാഹചര്യമുള്ളത്. കടൽക്ഷോഭം ഏറ്റവും രൂക്ഷമായ എറിയാട് ചന്ത കടപ്പുറത്ത് 700 മീറ്റർ നീളത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ തടയണ നിർമ്മിച്ചത്. 5 ലക്ഷം രൂപയാണ് ഈ ഭാഗത്ത് ജിയോ ബാഗുകൾ വാങ്ങാൻ പഞ്ചായത്ത് ചെലവഴിച്ചത്. കടലാക്രമണം ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകൾക്ക് തനത് ഫണ്ട് ഉപയോഗിക്കാൻ സർക്കാർ അനുമതിയേകിയിരുന്നു. സംസ്ഥാന സർക്കാർ ചെലവാക്കുന്ന പദ്ധതികൾക്ക് പുറമെ അടിയന്തര ഘട്ടത്തിൽ 5 ലക്ഷം രൂപ വരെ പഞ്ചായത്തുകൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഇതനുസരിച്ചാണ് എറിയാട് പഞ്ചായത്തിൽ 1200 ബാഗുകൾ വാങ്ങി നാട്ടുകാരുടെ സഹകരണത്തോടെ മണൽ നിറച്ച് തടയണ സ്ഥാപിച്ചത്. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി 410 മീറ്റർ തടയണയുടെ നിർമ്മാണവും കരാറുകാരൻ പുനരാരംഭിച്ചിരുന്നു. കളക്ടറോടോടൊപ്പം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, വൈസ് പ്രസിഡന്റ് എം.കെ സിദ്ദിഖ്, വില്ലേജ് ഓഫീസർ ഷക്കീർ എന്നിവർ പങ്കെടുത്തു.