പാവറട്ടി: പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മരുതയൂർ ചീരപ്പറമ്പിൽ മുഹമ്മദാലിയുടെ വീട്ടുകിണറിന്റെ മോട്ടോർ പുരയും മോട്ടറും പമ്പ് സെറ്റ് ഉൾപ്പെടെ കിണറിനോട് ചേർന്ന് ഭുമിയിലേക്ക് താഴ്ന്നിറങ്ങി. നാട്ടുകാർ ഇറങ്ങി തെരച്ചിൽ നടത്തിയെങ്കിലും മോട്ടോർ പമ്പ് സെറ്റ് കണ്ടെടുക്കാൻ സാധിച്ചില്ല. 25000 രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇടിഞ്ഞ സ്ഥലം വീടനോട് ചേർന്നാണ് നിൽക്കുന്നത്. വീട്ടുകാർ ആശങ്കയിലാണ്. ഇന്നലെ വൈകിട്ടുള്ള ശക്തമായ മഴയ്ക്കിടെയാണ് കനത്ത ശബ്ദത്തോടെ ഇടിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു. കിണറ്റിലെ വെള്ളം കലങ്ങി ഉപയോഗ ശ്യൂനമായി. പഞ്ചായത്ത്, വില്ലേജ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വാർഡ് മെമ്പർ എൻ.പി. കാദർമോൻ, നിസാർ മരുതയൂർ, ഷിഹാബ് എ.കെ എന്നിവർ സ്ഥലം സന്ദർശിച്ചു.