തൃശൂർ : പ്രതിദിന വരുമാനം പകുതിയിൽ താഴെയായതോടെ സ്വകാര്യബസുകൾ ഭൂരിഭാഗവും ഒാട്ടം നിറുത്തുകയും കെ.എസ്.ആർ.ടി.സി. ഗ്രാമങ്ങളിലേക്ക് സർവീസുകൾ നടത്താതിരിക്കുകയും ചെയ്തതോടെ നെട്ടോട്ടമോടുന്നത് സാധാരണതൊഴിലാളികളും തുച്ഛവരുമാനക്കാരും.പലരും പണം മുടക്കി ഒാട്ടോകളേയും മറ്റ് വാഹനങ്ങളേയും ആശ്രയിച്ചാണ് തൊഴിലിടങ്ങളിലെത്തുന്നത്.

ലോക്ക്ഡൗണിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ശമ്പളത്തിന്റെ വലിയൊരു ഭാഗം തന്നെ യാത്രാച്ചെലവായി നൽകേണ്ടിവരുന്നുണ്ട്. കൂനിന്മേൽ കുരുവായി ഇന്ധനവില കൂടുകയും ചെയ്തു. ബസ് ഉടമകൾ ഒരു കാരണവശാലും നഷ്ടം സഹിച്ച് ഒാടാനില്ലെന്ന് തീരുമാനിച്ചതോടെ ആയിരക്കണക്കിന് ഡ്രൈവർമാരും കണ്ടക്ടർമാരും ക്ളീനർമാരും ദുരിതവഴിയിലായി. ഡീസൽചാർജും ബസിന്റെവിവിധ ഭാഗങ്ങളുടെയും മറ്റും അറ്റകുറ്റപ്പണികൾ നടത്താനും സ്‌പെയർ പാർട്‌സ് വാങ്ങാനും ജീവനക്കാരുടെ ശമ്പളം നൽകാനും പണമില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്.

നേരത്തെ പമ്പുകളിൽ നിന്ന് ഡീസൽ കടം വാങ്ങി ബസ് ഒാടിച്ചവരുണ്ട്. ബസിനായി വായ്പയെടുത്തവരും നിരവധിയുണ്ട്. അതേസമയം, ബസ് നിറുത്തിയിട്ടാൽ ബാറ്ററിക്കും ടയറിനും മറ്റു ഭാഗങ്ങൾക്കും ഉണ്ടാകുന്ന തകരാറുകളുമുണ്ട്. ബസ് ഉടമകൾ സ്വന്തം വണ്ടിയിൽ തൊഴിലെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ദിവസം 250 കിലോമീറ്റർ ഓടുന്ന ബസിന് വേണ്ട ഡീസൽ: 70 ലിറ്ററിലേറെ.

ഡീസൽച്ചെലവ് 5000 ലേറെ.

ബസുകളുടെ പരമാവധി ശരാശരി കളക്‌ഷൻ: 5000 രൂപയിൽ താഴെ.

ഡ്രൈവർക്കും കണ്ടക്ടർക്കും കൂടി മൊത്തം വേതനം 1000 രൂപ

.............

ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളും കൂടിയതോടെ ഒാടിയിരുന്ന ബസുകളും നിറുത്തിവെയ്ക്കേണ്ടി വന്നു. ബസ് വ്യവസായം തന്നെ കേരളത്തിൽ നാമാവശേഷമാകുകയാണ്

എം.എസ് പ്രേംകുമാർ, ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്

..............

ട്രെയിൻ പഴയ ട്രെയിൻ ആവില്ല

യാത്രാ ട്രെയിനുകൾ വീണ്ടും പ്രവർത്തനമാരംഭിക്കുന്നത് പുതിയ രൂപത്തിലായിരിക്കുമെന്നാണ് സൂചന. ഭരണതലത്തിലും പ്രവർത്തനരംഗങ്ങളിലുമെല്ലാം മാറ്റങ്ങൾ വരുത്താനുളള ചർച്ചകളാണ് റെയിൽവേയിൽ നടക്കുന്നത്. തിരുവനന്തപുരം– എറണാകുളം സ്‌പെഷൽ ട്രെയിനിൽ ആവശ്യത്തിനു യാത്രക്കാരില്ലാത്ത സാഹചര്യത്തിൽ കോച്ചുകളുടെ എണ്ണം കുറച്ചിരുന്നു. മറ്റ് ദീർഘദൂര ട്രെയിനുകളിലും യാത്രക്കാർ കുറഞ്ഞു. കേരളത്തിന് പുറത്തേയ്ക്കും തിരക്കില്ല. അതേസമയം, സ്വകാര്യ, സർക്കാർ ഓഫീസുകൾ പ്രവർത്തനം തുടങ്ങിയതോടെ ഹ്രസ്വദൂര സർവീസുകൾ വേണമെന്ന ആവശ്യം ശക്തമായി.

..........................

രാജ്യം പൂർണ്ണമായ അടച്ചു പൂട്ടലിലേയ്ക്ക് നീങ്ങിയതോടെ ചരിത്രത്തിലാദ്യമായാണ് യാത്രാ വണ്ടികളെല്ലാം നിറുത്തിയത്. സംസ്ഥാനത്തെ ഏതാനും മേഖലകളാക്കി തിരിച്ച്, ഒരു മേഖലയ്ക്കുള്ളിൽ ഒതുങ്ങുന്ന വിധത്തിൽ രാവിലെയും വൈകിട്ടും ഹ്രസ്വദൂര സർവീസുകൾ നടത്തിയാൽ ജോലിക്കാർക്ക് ഏറെ ഉപകാരപ്പെടും.

പി. കൃഷ്ണകുമാർ

സോണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം