black-mask
ഇനി കറുത്ത മാസ്ക്ക് മാത്രമേ ഉപയോഗിക്കൂവെന്ന് ടി.എൻ പ്രതാപൻ എം.പി

തളിക്കുളം: പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന നിലപാട് തിരുത്തണമെന്ന് ടി.എൻ.പ്രതാപൻ എം.പി. പ്രവാസികളെ​ എത്രയും പെട്ടെന്ന് സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം.സി.സി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന നിലപാട് തീർത്തും അപലപനീയമാണെന്നും, മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു​. ഇതിനെതിരെ മുസ്ലീംലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ബ്ലാക്ക് മാസ്‌ക് പ്രതിഷേധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാമ്പയിന്റെ ഭാഗമായി 1000 പ്രവാസി കുടുംബങ്ങൾ കറുത്ത മാസ്‌ക് ഉപയോഗിച്ചു പ്രതിഷേധിക്കും. നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന അവസാനത്തെ മലയാളിയും എത്തുന്നതു വരെ താൻ കറുത്ത മാസ്‌ക് മാത്രമേ ഉപയോഗിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ്,​ പി.എം അബ്ദുൽ ജബ്ബാർ, പി.ഐ ഷൗക്കത്തലി,​ പി.എച്ച് ഷെഫീഖ്, എ. എ. അബൂബക്കർ, എ.എ മുനീർ എന്നിവർ പ്രസംഗിച്ചു..