kovid
ചാവക്കാട് താലൂക്ക് ആശുപത്രി

ചാവക്കാട്: നിരവധി ആളുകളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന ആശാ വർക്കർമാരും, സി.പി.എം പ്രാദേശിക നേതാവ് കൂടിയായ താലൂക്ക് ആശുപത്രി ജീവനക്കാരനുമുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ചിട്ടും ആരോഗ്യ വകുപ്പ് റൂട്ട് മാപ്പ് തയ്യാറാക്കാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് ആരോപണം. ഇതിൽ രോഗം സ്ഥിരീകരിച്ച പ്ലംബർ സി.പി.എം പ്രവർത്തകനാണ്.

കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയന്റെ ഉത്തരവാദിത്വമുള്ള ഇദ്ദേഹം താലൂക്ക് ആശുപത്രിയിൽ മുനിസിപ്പൽ ഭരണസമിതിയുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രോഗികൾക്ക് ടോക്കൻ അടക്കം നൽകിയിരുന്നു. ഇവർക്കെല്ലാം നേരിട്ട് സമ്പർക്കമുള്ളവരുടെ പട്ടിക ഏറെയുള്ളപ്പോഴും ഇതുവരെ ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കാനോ, ക്വാറന്റീനിൽ പോകേണ്ടവരുടെ വിവരം അറിയിക്കാനോ അധികാരികൾ തയ്യാറായിട്ടില്ല. പൊസിറ്റീവ് സ്ഥിരീകരിച്ച ഒരാൾ എം.എൽ.എയോടൊപ്പം രണ്ടിൽ കൂടുതൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നിട്ടും എം.എൽ.എയോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിട്ടിട്ടില്ല. അദ്ദേഹം സ്വയം ക്വാറന്റീനിൽ പോയതാണെന്ന് പറഞ്ഞുകഴിഞ്ഞു. എം.എൽ.എ മണ്ഡലത്തിലുടനീളം പരിസ്ഥിതി ദിനാചരണ, കാർഷിക പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. എം.എൽ.എ കൂടെ പങ്കെടുത്ത പരിപാടികളിൽ പങ്കെടുക്കുകയും, എം.എൽ.എയോടൊപ്പം യാത്ര ചെയ്യുകയും ചെയ്ത വിവരം പുറത്തുവരും എന്നതുകൊണ്ടാണ് റൂട്ട് മാപ്പ് പുറത്തുവിടാത്തതെന്നും യൂത്ത് ലീഗ് ആരോപിച്ചു. വാളയാറിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാൻ പോയ എം.പിമാരെയും, എം.എൽ.എമാരെയും ക്വാറന്റൈനിൽ പറഞ്ഞയച്ച ജില്ല ആരോഗ്യ വകുപ്പ് പൊളിറ്റിക്കൽ ക്വാറന്റൈനാണ് നടത്തുന്നത് എന്ന് യൂത്ത് ലീഗ് ആരോപിച്ചു.