കൊടകര: കേരളത്തിന്റെ കരുതലിൽ കൊൽക്കത്തയിലൊരു കുരുന്ന് അക്ഷര വെളിച്ചം നുകരുകയാണ്. കൊൽക്കത്ത കമർഹട്ടി 23 ക്രെയ്ഗ് സ്ട്രീറ്റിലെ അബൂബക്കർ സിദ്ദിഖിന്റേയും ലാഡ്‌ലിയുടേയും മകൻ നാലാം ക്ലാസുകാരൻ അമീർ സിദ്ദിഖാണ് കൊൽക്കത്തയിലിരുന്ന് ഓൺലൈൻ വിദ്യാഭ്യാസം നേടുന്നത്. ഹോട്ടൽ ജോലിക്കാരനായ അബൂബക്കർ സിദ്ദിഖ് കൊടകരയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. കൊവിഡ് ലോക്ക് ഡൗണിൽ പെട്ടു പോയതോടെ അമീറിന്റെ കുടുംബം കഴിഞ്ഞയാഴ്ച്ച കൊൽക്കത്തയിലേക്ക് തിരിച്ചു പോയിരുന്നു.
ഒരു വർഷം മുൻപാണ് അമീർ സിദ്ധിഖിനെ കൊടകര ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ചേർത്തിയത്. കേരളവുമായി പെട്ടെന്നിണങ്ങിയ അമീർ മലയാളമൊക്കെ ഏകദേശം പഠിച്ചു വരികയാണ്. നാലാം ക്ലാസിലെ പാഠങ്ങൾ അദ്ധ്യാപിക എൻ.ടി. നമിത പറഞ്ഞു കൊടുക്കുന്നത് എറെയിഷ്ടത്തോടെ അമീർ ഹൃദിസ്ഥമാക്കുന്നുണ്ട്.
ഓൺലൈൻ ക്ലാസ് ആരംഭിച്ചതോടെ നമിത ടീച്ചർ അമീറിനെ ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. വീഡിയോ കാൾ ചെയ്ത് വിശേഷങ്ങൾ പങ്കുവച്ചും, വാട്‌സാപ്പിലൂടെയും ഫോൺ കാളിലൂടെയും സംശയങ്ങൾ തീർത്തും അമീറിന്റെ പഠനം ലോക്ക് ഡൗണിൽ കുരുങ്ങാതെ മുന്നേറുകയാണ്. അമീറിന്റെ ചേട്ടൻ ഉത്തമിർ സിദ്ദിഖ് കൊടകര ഗവൺമെന്റ് ബോയ്‌സ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉത്തമിറും മൊബൈൽ ഫോണിലൂടെ പഠനം ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരെ കാണാൻ പറ്റുന്നില്ലെന്ന വിഷമം മാത്രമാണ് ഇരുവർക്കുമുള്ളത്.
കേരളം നൽകുന്ന സ്‌നേഹത്തിലും കരുതലിലും ഏറെ സന്തുഷ്ടരാണ് ഈ കുടുംബം. പഠനത്തിൽ മാത്രമല്ല, ജീവിത നിലവാരത്തിലും കേരളം നമ്പർ വൺ ആണെന്നാണ് ഈ കുടുംബത്തിന്റെ അഭിപ്രായം. കൊവിഡ് പോയിക്കഴിഞ്ഞാൽ കൊടകര എൽ.പി സ്‌കൂളിലെ നൂറ്റാണ്ട് പ്രായമുള്ള ഏഴിലംപാല മുത്തശ്ശിയുടെ തണലിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ ഈ കൊൽക്കത്തക്കാരനുമുണ്ടാകും, ഭാഷയുടേയും ദേശത്തിന്റേയും അതിരുകൾ കടന്ന്.