ഗുരുവായൂർ: അനശ്വര നടൻ സത്യനോടുള്ള ജോബി ചാക്കോയുടെ ആരാധനയെ ക്വാറന്റൈനിൽ ഒതുക്കാനാവില്ല. അതുകൊണ്ടാണ് ക്വാറന്റൈനിൽ കഴിയുമ്പോഴും സത്യന്റെ 49-ാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രം ജോബി വരച്ചത്. സത്യന്റെ ആരാധകനായ ജോബി കാണാനാകുന്ന എല്ലാ സത്യൻ സിനിമകളും കണ്ടിട്ടുണ്ട്. ഇതിനു പുറമെ 50ൽ അധികം സത്യൻ സിനിമകളുടെ സി.ഡിയും സ്വന്തമാക്കിയിട്ടുണ്ട്.
വെറും ഒരു ആരാധകൻ എന്നതിലുപരി സത്യന്റെ കുടുംബവുമായും ഈ ചിത്രകാരൻ ബന്ധം പുലർത്തുന്നുണ്ട്. സത്യന്റെ മക്കളായ ജീവനുമായും സതീഷുമായും സൗഹൃദമുണ്ട്. മകന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു. ദുബായിൽ നിന്ന് തിരിച്ചെത്തി ക്വാറന്റൈനിലായതിനാൽ തിങ്കളാഴ്ച നടക്കുന്ന സത്യൻ അനുസ്മരണങ്ങളിലൊന്നും പങ്കെടുക്കാനാവാത്ത സ്ഥിതിയാണ്.
മണ്ണുത്തി മുക്കാട്ടുകരയിലുള്ള വീട്ടിലാണ് ക്വാറന്റൈനിൽ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് സത്യന്റെ ചിത്രം വരച്ച് ജോബി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. തൃശൂർ ഫൈൻ ആർട്‌സ് കോളജിൽ നിന്ന് ഡ്രോയിംഗിലും പെയിന്റിംഗിലും ഡിപ്ലോമ നേടിയിട്ടുള്ള ജോബി തന്റെ കലാപ്രവർത്തനങ്ങളുമായി നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്. അഞ്ച് മിനിറ്റനകം പോട്രെയിറ്റുകൾ വരച്ചു നൽകുന്ന ജോബിയുടെ കഴിവിനെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.