തൃശൂർ: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന വെള്ളറക്കാട് സ്വദേശിയായ നാൽപത്തിയാറുകാരൻ, ചൂലിശ്ശേരി സ്വദേശികളായ 45, 25 പ്രായമുളള രണ്ട് സ്ത്രീകൾ എന്നീ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച 144 പേരാണ് ആശുപത്രികളിലുള്ളത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്.

ജില്ലയിൽ 12,409 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 പേർ ആശുപത്രി വിട്ടു. നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ 946 പേരെത്തിയപ്പോൾ 1,311 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്നലെ അയച്ച 220 സാമ്പിളുകളുൾപ്പെടെ 5,829 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 4,577 സാമ്പിളുകളുടെ ഫലം വന്നു. 1,252 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2,090 ആളുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. 605 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 120 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 529 പേരെ സ്‌ക്രീൻ ചെയ്തു.