ചേലക്കര: പഠന ഉപാധിയായി ടി.വിയോ, കമ്പ്യൂട്ടറോ, ഫോണോ, മറ്റു ഓൺലൈൻ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഒരു വിദ്യാർത്ഥിക്കു പോലും ക്ലാസ് നഷ്ടപ്പെടരുതെന്ന കരുതലിൽ വിദ്യാഭ്യാസ വകുപ്പിനോടൊപ്പം വായനശാലകളും കൈകോർത്തു. ഇന്നലെ മുതൽ യഥാർത്ഥ ക്ലാസ് വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കുമെന്ന അറിയിപ്പിനെ തുടർന്ന് പഠന സൗകര്യമില്ലാത്ത കുട്ടികളുണ്ടെങ്കിൽ അവരെ കണ്ടെത്തുന്ന തിരക്കിലായിരുന്നു പലരും.
സന്നദ്ധ സംഘടനാ പ്രവർത്തകരും അഭ്യുദയകാംക്ഷികളായവരും കഴിയാവുന്നവിധം സൗകര്യമില്ലാത്ത വീടുകളിൽ ടി.വി എത്തിച്ചു നൽകി. ഇതോടൊപ്പം ഗ്രന്ഥശാലാ പ്രവർത്തകർ വായനശാലകളിൽ ടെലിവിഷൻ എത്തിച്ചപ്പോൾ കേബിൾ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ കേബിൾ കണക്‌ഷനും സൗജന്യമായി നൽകി.
ഇത്തരം വായനശാലകളിൽ പഠിതാക്കളായി എത്തുന്ന കുട്ടികളെ സഹായിക്കാൻ വായനശാലാ പ്രവർത്തകർക്കു പുറമേ ചുമതലപ്പെടുത്തിയ അദ്ധ്യാപകരും എത്തിയിരുന്നു. ആകാംക്ഷയോടെയെത്തിയ പല കുട്ടികളും ടി.വി കണ്ട് പഠനം രസകരമാക്കിയ ഉല്ലാസത്തോടു കൂടിയാണ് നാളെക്കാണാമെന്ന വാക്കോടെ വീട്ടിലേക്ക് മടങ്ങിയത്. നാളെ ഒപ്പം കൂട്ടുകാരെയും കൊണ്ടു വരട്ടെയെന്ന ചോദ്യത്തോടെ.