ചാലക്കുടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിൽ നിയന്ത്രണം ശക്തമാക്കാൻ ബി.ഡി. ദേവസി എം.എൽ.എ വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെയും തദ്ദേശ ഭരണാധികാരികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ശുചീകരണത്തിനു വേണ്ടി ചാലക്കുടി മാർക്കറ്റ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിടും.
അറിയിപ്പ് വൈകുമെന്നത് കണക്കിലെടുത്ത് ബുധൻ, വ്യാഴം ദിവസങ്ങളിലാകും ഈയാഴ്ചയിലെ അടച്ചിടൽ. തുമ്പൂർമുഴിയിൽ അടക്കം കൂടുതൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. അതിരപ്പിള്ളി മേഖലിയിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കുകയാണ് ലക്ഷ്യം. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് വാർഡ് തല സന്നദ്ധ സേനയുടെ പ്രവർത്തനം ശക്തമാക്കും.
പഞ്ചായത്ത്തല മോണിറ്ററിംഗ് കമ്മിറ്റികളെ കൂടുതൽ ശക്തിപ്പെടുത്തും. മാർക്കറ്റിലെ ചുമട്ടു തൊഴിലാളികൾക്കും ഡ്രൈവർമാർക്കും കൊവിഡ് റാപ്പിഡ് ടെസ്റ്റുകൾ നടത്തും. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, പഞ്ചായത്ത് പ്രസിന്റുമാരായ തങ്കമ്മ വർഗീസ്, ജെനീഷ് ജോസ്, ഉഷ ശശിധരൻ, പി.പി. ബാബു, പി.ആർ. പ്രസാദൻ, പി.പി. ബാബു, കുമാരി ബാലൻ, തോമസ് കണ്ണത്ത്, തഹസിൽദാർ ഇ.എൻ. രാജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, വാഴച്ചാൽ ഡി.എഫ്.ഒ: എസ്.വി. വിനോദ്, ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.