ചാലക്കുടി: ചാലക്കുടിയിലെ മത്സ്യമാർക്കറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന പരാതി വ്യാപകം. നിത്യേന നാനൂറിലേറെ തൊഴിലാളികൾ മത്സ്യം ലേലം ചെയ്തെടുക്കാനെത്തുന്ന സ്ഥലത്ത് യാതൊരുവിധ പരിശോധനകളും നടത്തുന്നില്ല. നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പേരിന് പോലും ആരോഗ്യ പ്രവർത്തകരോ പൊലീസോ എത്തുന്നില്ലെന്നാണ് ആക്ഷേപം.

പുലർച്ചെ നാലു മുതൽ രാവിലെ എട്ട് നിബന്ധനകൾ കാറ്റിൽ പറത്തിയാമ് മാർക്കറ്റിൽ മത്സ്യ ലേലം നടക്കുന്നത്. തൊഴിലാളികൾ കൂട്ടത്തോടെ നിന്ന് ലേലം കൊള്ളുകയും മീനുകൾ പെട്ടിയിലാക്കി പുറപ്പെടുകയും ചെയ്യുന്ന സമയത്തെല്ലാം ചന്തയ്ക്ക് പുറത്താണ് ആരോഗ്യ പ്രോട്ടോക്കോളിന്റെ സ്ഥാനം. പരിസര ശുചീകരണവും സാമൂഹിക അകലവും പേരിന് പോലും നടക്കുന്നില്ല.

ആവശ്യത്തിന് വെള്ളമെടുക്കുന്ന ടാപ്പുകൾ പലതും പണിമുടക്കിലുമാണ്. തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യത്തിനുള്ള ശൗചാലയങ്ങൾ മൂന്നു മാസത്തോളമായി പൂട്ടിക്കിടക്കുകയാണ്. പലരും മൂത്രമൊഴിക്കുന്നതും മറ്റും മാർക്കറ്റിന് തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ തന്നെ. മഴക്കാലമായതിനാൽ ഇതെല്ലാം മാർക്കറ്റിലേക്ക് തന്നെ ഒഴുകിയെത്തുന്നു.

മത്സ്യങ്ങൾ താഴെയിട്ട് തരംതിരിക്കുന്ന തറയിൽ വരെ വിസർജ്യവസ്തുക്കൾ വരുന്നുണ്ടെന്നാണ് പരാതി. മാലിന്യം നീക്കം ചെയ്യാതെ കൂടികിടക്കുന്നതും നിത്യ സംഭവമാണ്. പ്രാഥമിക ആവശ്യത്തിന് സൗകര്യമില്ലാത്തതാണ് ഏറ്റവും ദുരിതമെന്ന് തൊഴിലാളികൾ പറയുന്നു. കൊവിഡ് കാലത്ത് സുരക്ഷയെക്കുറിച്ച് ലോകമെമ്പാടും ബോധവത്കരണം നടക്കുമ്പോഴാണ് മാർക്കറ്റിലെ ഈ ദുഃസ്ഥിതി.

ചാലക്കുടി മാർക്കറ്റിലെ അതീവ ഗുരുതരമായ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ആരോഗ്യ വിഭാഗം നടപടികൾ എടുക്കാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. കേടുവന്ന മത്സ്യങ്ങളും ലേലത്തിലൂടെ പുറത്തുകടക്കുന്നുണ്ടത്രെ.