ചാലക്കുടി: ഉദ്ഘാടനം കാത്ത് വർഷങ്ങളായി കിടക്കുന്ന നഗരസഭയുടെ നോർത്ത് ബസ് സ്റ്റാൻഡ് ഇപ്പോൾ ഉപയോഗിക്കുന്നത് ലോറി പാർക്കിംഗിന് വേണ്ടിമാത്രം. നിർമ്മാണം പൂർത്തിയായെങ്കിലും നോക്കുകുത്തിയായ സ്റ്റാൻഡിൽ അന്യ വാഹനങ്ങൾ കയറ്റി ഇടുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. പാർക്ക് ചെയ്യുന്നതിൽ ടാങ്കർ ലോറികളാണ് അധികവും.

ഓട്ടം കഴിഞ്ഞെത്തുന്ന ലോറികൾ അനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത് നഗരസഭയുടെ കീഴിലുള്ള നോർത്ത് ബസ് സ്റ്റാൻഡാണ്. ഇത്തരത്തിൽ പാർക്ക് ചെയ്ത ലോറിയാണ് തിങ്കളാഴ്ച ബ്രേക്കില്ലാതെ ഓടി ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് വൻദുരന്തം ഒഴിവായത്.

ലോറികളുടെ അനധികൃത പാർക്കിംഗ് പരിസരത്തെ വ്യപാരികൾക്കും ദുരിതമാകുന്നുണ്ട്. ഇതിനിടെ ബസ് സ്റ്റാൻഡ് സാമൂഹിക വിരുദ്ധരുടെ താമളമാകുന്നുണ്ടെന്നും പരാതിയുണ്ട്. രാത്രിയിൽ മദ്യപാനവും കഞ്ചാവ് ഉപയോഗവും ഇവിടെ സ്ഥിരമായി നടക്കുന്നുവെന്ന് പരിസരത്തെ കടക്കാർ പറയുന്നു.

കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ഒരുമാസം മുമ്പ് ഇവിടെ ആരംഭിച്ചിരുന്നു. എന്നിട്ടും ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തികൾ അവസാനിപ്പിക്കുന്നതിന് നഗരസഭ തയ്യാറായിട്ടില്ല. മാറിവന്ന ഭരണസമിതികളും രാഷ്ട്രീയമായി ചേരിപ്പോരുകൾ നടത്തിയതല്ലാതെ ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

പൊലീസിന്റെ രാത്രികാല പരിശോധനയും കാര്യമായി നടക്കാത്തതാണ് അന്തരീക്ഷം ശോചനീയമാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നോർത്ത് ബസ് സ്റ്റാൻഡ്

ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ളവ പാർക്ക് ചെയ്യുന്നു

അനധികൃത പാർക്കിംഗ് വ്യാപാരികൾക്ക് ശല്യം

രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളം

രാത്രിയിൽ പ്രദേശത്ത് പൊലീസ് പട്രോളിംഗില്ല

സ്റ്റാൻഡ് തുറന്നുകൊടുക്കാൻ താത്പര്യമില്ലാതെ അധികൃതർ