ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡിന് മുൻഭാഗത്ത് ട്രാംവേ റോഡിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കാടുകുറ്റി പമ്പള്ളി വീട്ടിൽ നന്ദകുകുമാർ മേനോനാണ് (54) പരിക്ക്. ഇയാളെ സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിനായിരുന്നു അപകടം. ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ലോറി പുറത്തേക്ക് വരുമ്പോഴാണ് ട്രാംവേ റോഡിലൂടെ നന്ദകുമാറും ഭാര്യയും പോകുകയായിരുന്ന ബൈക്കിൽ ഇടിച്ചത്. ബ്രേക്ക് ഇല്ലാതിരുന്നതിനാൽ അടിയിൽ കുടുങ്ങിയ ബൈക്കിനെ കുറച്ചു ദൂരം വലിച്ചിഴച്ച ശേഷം തൊട്ടടുത്ത കടയുടെ ഷട്ടറിൽ ഇടിച്ചാണ് ലോറി നിന്നത്. ഇയാളുടെ ഭാര്യ എതിർ ദിശയിലേക്ക് തെറിച്ചു വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.