പാവറട്ടി: ശ്രുതിയുടെ ദുരൂഹ മരണത്തിൽ ജന്മഗൃഹം മുതൽ ഭർതൃഗൃഹം വരെ 12 കേന്ദ്രങ്ങളിൽ സമര ശൃംഖല
തീർത്ത് യുവചേതന ജനകീയ സമരസമിതി. പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മുല്ലശ്ശേരി സ്വദേശിനി നവവധു ശ്രുതി മരിച്ച സംഭവത്തിൽ കേസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരശൃംഖല.
ജന്മഗൃഹം നിലനിൽക്കുന്ന മുല്ലശ്ശേരി പറമ്പൻതളി ലക്ഷം വീട് പരിസരത്തെ ആദ്യസമര കേന്ദ്രത്തിൽ ശ്രുതിയുടെ സഹോദരൻ ശ്രീരാഗ് ആദ്യ കണ്ണിയായി അണി ചേർന്നു. പൊതുയോഗം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രകല മനോജ് അദ്ധ്യക്ഷയായി. പെരിങ്ങോട്ടുകര ഭർതൃഗൃഹത്തിനു സമീപം നടന്ന അവസാന സമരകേന്ദ്രത്തിൽ ശ്രുതിയുടെ അമ്മ ശ്രീദേവിയും അച്ഛൻ സുബ്രഹമണ്യനും അവസാന കണ്ണിയായി.
വിവിധ സമരകേന്ദ്രങ്ങളിൽ ടി.വി. ഹരിദാസൻ, എൻ.കെ. സുബ്രഹ്മണ്യൻ, പി.എ. രമേശൻ, കെ.ആർ. ജോർജ്, കെ.ബി. വിപിൻ, എ.സി. മിഥുൻ, കെ.പി. ആലി, എ.കെ. ഹുസൈൻ, വി.എൻ. സുർജിത്ത് എന്നിവർ സംസാരിച്ചു.