തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആയുർവേദ മരുന്നുകളും ചികിത്സാരീതിയും പരീക്ഷണ വിധേയമാക്കുന്നതിനാൽ, ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലറുടെ ഒഴിവിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവരെ തന്നെ തുടർന്നും നിയമിക്കണമെന്ന് ആയുർവേദ മേഖലയിലെ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. മുൻവർഷങ്ങളിൽ ആയുർവേദ മേഖലയിലുളളവരായിരുന്നു ഈ സ്ഥാനത്ത്. കൊവിഡുമായി ബന്ധപ്പെട്ട് ചികിത്സാ വിവരങ്ങളെല്ലാം ആയുർവേദ വിഭാഗം രേഖപ്പെടുത്തുന്നുണ്ട്. അന്തരീക്ഷ വായു ശുദ്ധീകരിക്കാൻ അപരാജിത ധൂമചൂർണ്ണം പുകച്ച് ഗവ. ഡോക്ടർമാർ നടത്തിയ പരീക്ഷണത്തിൽ ബാക്ടീരിയൽ, ഫംഗൽ കോളനികളുടെ വളർച്ചയിൽ 97 ശതമാനം വരെ കുറവ് കണ്ടെത്തിയിരുന്നു. ഇത് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഡോക്യുമെന്റേഷൻ നടത്താൻ ആരോഗ്യ സർവകലാശാലയിൽ ആയുർവേദ മേഖലയിലെ വിദഗ്ദ്ധർ തന്നെ ഉണ്ടാകണമെന്ന് അവിനാശിലിംഗം യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. പി.ആർ. കൃഷ്ണകുമാർ, കേരള ആയുർവേദ ചാപ്റ്റർ ചെയർമാൻ ഡോ. പി.എം. വാരിയർ, എ.എം.എം.ഒ.ഐ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ, എ. എം.എ.ഐ ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, എ.എച്ച്.എം.എ പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലി, ഡോ. കെ. ജ്യോതിലാൽ, ഡോ. കെ. സരേന്ദ്രൻ നായർ, പ്രൊഫ. ഇ. കുഞ്ഞിരാമൻ, പി.എ.സി.ടി.ഒ സെക്രട്ടറി ഡോ. ദീപ്തി നായർ എന്നിവർ ആവശ്യപ്പെട്ടു