ചാവക്കാട്: നഗരസഭയിൽ ഉള്ള അംഗൻവാടികളിലെത്തി കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്ത താലൂക്ക് ആശുപത്രി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ആശങ്കയിൽ. താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാർ ഉൾപ്പടെയുള്ള ജീവനക്കാരെത്തിയാണ് അഞ്ച് ദിവസം മുമ്പ് കുത്തിവയ്പ്പ് നൽകിയത്.10 വയസുവരെയുള്ള 50ൽ പരം കുട്ടികൾക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. രണ്ട് ദിവസം മുമ്പ് നടന്ന പരിശോധനയിൽ ഈ സംഘത്തിലെ നഴ്‌സിന് കൊവിഡ് ഉണ്ടെന്നറിഞ്ഞതോടെ കുട്ടികളോട് ക്വാറന്റൈനിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾ വീടുകളിൽ മുറികളിൽ ഇരിക്കണമെന്നും മുറിയോട് ചേർന്ന് ശുചിമുറിയൊരുക്കണമെന്നും കളിക്കാൻ പുറത്തുവിടരുതെന്നും രക്ഷിതാക്കളോട് പറഞ്ഞിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ വീട്ടുകാർ സമ്പർക്കം പുലർത്തരുതെന്നും എന്തെങ്കിലും രോഗലക്ഷണം കുട്ടികളിൽ കണ്ടാൽ വിവരമറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. കുത്തിവയ്പ്പെടുക്കാൻ കുട്ടികൾക്കൊപ്പം രക്ഷിതാക്കളുമുണ്ടായിരുന്നതുകൊണ്ട് അവരും ഭയപ്പാടിലാണ്.