തൃശൂർ: ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ മാസ്‌കുകളും ഗ്‌ളൗസുകളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം കുന്നുകൂടിക്കിടക്കുന്നതും ശുചീകരണതൊഴിലാളികൾ ഭയന്ന് പിൻമാറുന്നതും വെല്ലുവിളി ഉയർത്തുന്നു. അതേസമയം, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷിക്കുന്ന ഇത്തരം കേന്ദ്രങ്ങളിലെ കെയർ ടേക്കർമാരായ അദ്ധ്യാപകരും ശുചീകരണം നടക്കാത്തതിൽ പരാതി ഉയർത്തിയിട്ടുണ്ട്.
ജില്ലയിൽ സമ്പർക്കം വഴി രോഗവ്യാപനം കൂടുകയും ശുചീകരണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ശുചീകരണം സംബന്ധിച്ച് ഭയാശങ്കകൾ പരന്നത്. എന്നാൽ സുരക്ഷിതമായി മാലിന്യം സംസ്‌കരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ എല്ലാ തൊഴിലാളികൾക്കും നൽകിയിട്ടുമില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്‌കുകൾ സംസ്‌കരിക്കുന്നതിന്റെ കാര്യത്തിൽ പലരും ബോധവാന്മാരല്ല.

പ്ലാസ്റ്റിക്ക്, ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ചാണ് തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്നത്. മാസ്‌കുകളും മറ്റും സാധാരണ മാലിന്യങ്ങൾക്കൊപ്പം സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

അദ്ധ്യാപകരെ തെരഞ്ഞെടുത്ത് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലനവും നൽകിയാണ് നിയമനം നടത്തുന്നത്. ഇവർക്ക് സഹായത്തിനായി വളണ്ടിയർമാർ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ഭിന്നത കാരണം വളണ്ടിയർമാർ വരാത്ത സെന്ററുകളുമുണ്ട്. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് അവശ്യവസ്തുക്കൾ നൽകുന്നതിനും ഭക്ഷണം അടക്കം വിതരണം ചെയ്യാനും വളണ്ടിയർമാരുടെ സേവനം അനിവാര്യമാണ്. രാവിലെ ആറ് മുതൽ ഉച്ചവരെയും ഉച്ചയ്ക്ക് ഒരു മണി മുതൽ ഏഴുവരെയും രണ്ട് ഷിഫ്ടുകളിലായാണ് അദ്ധ്യാപകർക്ക് ഡ്യൂട്ടി. മുഴുവൻ അദ്ധ്യാപകർക്കും ഡ്യൂട്ടി നൽകാതെ, ഒരിക്കൽ ചുമതല വഹിച്ച എൽ.പി, യു.പി സ്‌കൂളുകളിലെ അദ്ധ്യാപകരെ വീണ്ടും നിയോഗിക്കുന്നതിലും അമർഷമുണ്ട്. സമയ, ദിവസ പരിധി ഇല്ലാതെയാണ് പലരും ജോലി ചെയ്യുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് അദ്ധ്യാപകർക്ക് ജോലി നിശ്ചയിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും കളക്ടർ അദ്ധ്യാപകരുടെ പട്ടിക ശേഖരിച്ചിരുന്നു. എന്നാൽ, എല്ലാ സ്‌കൂളുകളിലേയും അദ്ധ്യാപക പട്ടിക നൽകിയിട്ടില്ലെന്നും പറയുന്നു.

അദ്ധ്യാപകരുടെ പരാതികൾ:

# കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തുന്നില്ല, ഗ്‌ളൗസും മാസ്‌കുമെല്ലാം വേണ്ടത്ര ലഭ്യമാക്കുന്നില്ല

# വളണ്ടിയർമാരുടെ ചുമതല കൂടി അദ്ധ്യാപകർ പലയിടങ്ങളിലും നിർവഹിക്കേണ്ടി വരുന്നു.

# ആരോഗ്യപരിശോധനകൾ നടത്താതെ സെന്ററുകളിൽ എത്തുന്നവരെ നിയന്ത്രിക്കുന്നില്ല.
# അദ്ധ്യാപികമാർക്ക് പ്രാഥമിക ആവശ്യങ്ങൾക്കു പോലും ചില സെന്ററുകളിൽ സൗകര്യങ്ങളില്ല.


''ശുചീകരണ തൊഴിലാളികളെ നിയോഗിക്കുന്നത് വിദ്യാഭ്യാസവകുപ്പ് വഴിയല്ല. എന്തായാലും ശുചീകരണം ഉറപ്പുവരുത്തേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അദ്ധ്യാപകരുടെ മുഴുവൻ ലിസ്റ്റും കൊടുത്തിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളാണ് അദ്ധ്യാപകർക്ക് ചുമതല കൊടുക്കുന്നത്.''

എൻ. ഗീത, ഡി.ഡി.ഇ