ആരോഗ്യ പ്രവർത്തകർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചത് - 17


തൃശൂർ: ഏതാനും ദിവസങ്ങൾക്കിടെ ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞെങ്കിലും ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം പടരുന്നതിൽ ആശങ്ക. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

ആരോഗ്യപ്രവർത്തകരുമായി സമ്പർക്കം പുലർത്തിയവർക്കും ആംബലുൻസ് ഡ്രൈവർ, ആശാ പ്രവർത്തക എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാരാണ്. ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുമാണ് വിദേശത്ത് നിന്നും മറ്റും എത്തുന്നവർക്ക് നിരീക്ഷണ കേന്ദ്രങ്ങളിൽ നിർദ്ദേശം നൽകുന്നത്.

ഇവരെ സഹായിക്കുന്ന ആശാവർക്കർമാർക്കും ചിലയിടങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലാബ് ടെക്‌നീഷ്യൻമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്കും ജില്ലയിൽ രോഗബാധയുണ്ടായിരുന്നു. മാസ്‌കും ഗ്ലൗസും മാത്രമാണ് രോഗബാധ തടയാൻ ഇവർക്ക് നൽകിയിരിക്കുന്നത്. അതും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

പി.പി.ഇ കിറ്റ് ധരിച്ച് പ്രവർത്തനം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഇവർ പറയുന്നു. ചാവക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്. ഊരകത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ ഭർത്താവിനും മകനും രോഗബാധയുണ്ടായിരുന്നു. പൂത്തോളിൽ സന്നദ്ധ പ്രവർത്തകനും സമ്പർക്കത്തിലൂടെ കൊവിഡ് പോസറ്റീവ് ആയിരുന്നു.

കൂടുതൽ സമ്പർക്ക രോഗികൾ തൃശൂരിൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികളുള്ള ജില്ലയായി തൃശൂർ മാറി. മേയ് നാലിന് ശേഷം ഇതുവരെ 45 പേർക്കാണ് രോഗബാധയുണ്ടായത്. സംസ്ഥാനത്ത് ഈ കാലയളവിൽ 230 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാടും മലപ്പുറവുമാണ് പിന്നിലുള്ളത്. ആദ്യ ഘട്ടത്തിൽ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലീവ് അനുവദിച്ചത് ആശ്വാസം

ആരോഗ്യ പ്രവകർത്തകരിൽ രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ രണ്ട് ഡിവിഷനായി തിരിച്ച് ഒരാഴ്ച സേവനം നടത്തിയാൽ അടുത്തയാഴ്ച അവധി നൽകുന്നത് ആശ്വാസമാകുന്നുണ്ട്. കഴിഞ്ഞയാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. ആരോഗ്യപ്രവർത്തകർക്ക് ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ അവധി അനുവദിച്ചിരുന്നില്ല.


ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ഇവരുടെ റിപ്പോർട്ട് പ്രകാരം കൂടുതൽ നടപടികൾ സ്വീകരിക്കും.

- കെ.ജെ. റീന, ഡി.എം.ഒ

ജൂൺ അഞ്ച് മുതൽ ഇന്നലെ വരെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ
ജൂൺ 5 - 1
ജൂൺ 8 - 1
ജൂൺ 11 - 4
ജൂൺ-12- 6
ജൂൺ-14- 4

ഇതുവരെ രോഗബാധ

ആരോഗ്യപ്രവർത്തകർ- 17

ആംബുലൻസ് ഡ്രൈവർ- 1
ആശ പ്രവർത്തക -1

സന്നദ്ധ പ്രവർത്തകൻ- 1