തൃശൂർ: കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് നിലച്ച കുരിയച്ചിറ വെയർ ഹൗസിൽ നിന്നുള്ള റേഷൻ വിതരണം പുനാരാരംഭിച്ചു. തൃശൂർ താലൂക്കിലെ റേഷൻ വസ്തുക്കളുടെ വിതരണം ഇന്നലെ മുതൽ തുടങ്ങി. കൊട്ടെക്കാട് കൊളങ്ങാട്ടുകരയിലെ സ്വകാര്യ വ്യക്തിയുടെ കീഴിലുള്ള ഗേഡൗണിൽ നിന്നാണ് വിതരണം തുടങ്ങിയത്.
തിങ്കളാഴ്ച കുറച്ച് കടകളിലേക്ക് വിതരണം നടത്തിയെങ്കിലും ഇന്നലെയാണ് കാര്യക്ഷമമായത്. അടച്ചിട്ടിരിക്കുന്ന ഗോഡൗൺ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിൽ വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമെടുക്കും. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ വ്യക്തമാക്കി.
ജില്ലയിലേക്കുള്ള മുഴുവൻ റേഷൻ വിതരണവും നടത്തുന്നത് ഒരു കരാറുകാരനാണ്. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് വെയർ ഹൗസിലെത്തിയ ലോറികളുടെ പട്ടിക തയാറാക്കി ഇവയെ വിതരണത്തിൽ നിന്നും ഒഴിവാക്കി. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും ഇവിടെ നിന്നും റേഷൻ കടകളിലേക്കും വസ്തുക്കൾ വിതരണം ചെയ്യുന്നത് ഒരാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.
അതിനാൽ കുരിയച്ചിറ ഗോഡൗണിൽ വിതരണത്തിനെത്തിയ വാഹനങ്ങളും ഡ്രൈവർമാരും അടക്കമുള്ളവർ മറ്റിടങ്ങളിലും എത്തുമെന്ന് ആശങ്കയുണ്ടായിരുന്നു. തലപ്പിള്ളി, തൃശുർ, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലായി പ്രതിമാസം 2000 മെട്രിക് ടണ്ണോളം അരിയും ഇതര വസ്തുക്കളുമാണ് ജില്ലയ്ക്ക് ആവശ്യം.
വെള്ളിയാഴ്ചയാണ് വെയർ ഹൗസിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഞായർ അവധിയായതിനാൽ രണ്ടു ദിവസത്തെ വിതരണം മാത്രമാണ് തടസപ്പെട്ടത്. അതിനാൽ വലിയ പ്രശ്‌നം ഉണ്ടായിട്ടില്ല.
- അയ്യപ്പദാസ്, ജില്ലാ സപ്ലൈ ഓഫീസർ