വയോധികയുടെ വീടിന്റെ മേൽക്കൂര പൊളിച്ച് മേയുന്നു
ആനന്ദപുരം: മുരിയാട് പഞ്ചായത്തിലെ 17 -ാം വാർഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് ഇനി മഴനനയാതെ കിടക്കാം. ജീർണിച്ച് വീഴാറായ വെട്ടിയാട്ടിൽ പരേതനായ കറപ്പന്റെ ഭാര്യ മണിയുടെ (60) ഓടിട്ട വീടിന്റെ മേൽക്കൂര വാർഡിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനർനിർമ്മിച്ചുനൽകി. വർഷങ്ങളായി മേൽക്കൂര ജീർണിച്ച് തകർന്നു വീഴാറായ അവസ്ഥയിലായിരുന്നു. തൊഴിലുറപ്പ് ജോലിചെയ്താണ് ഈ 60ത് കാരി ജീവിച്ചിരുന്നത്. ആറ് മാസം മുൻപ് കൈ ഒടിഞ്ഞതിനാൽ ഇപ്പോൾ ജോലിക്ക് പോകാനാകാതെ വിശ്രമിക്കുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മണിയുടെ അവസ്ഥ മനസ്സിലാക്കിയ കോൺഗ്രസ് പ്രവർത്തർ വീട് പുതുക്കി നിർമ്മിച്ച് നൽകുകയായിരുന്നു. വീടിന്റെ മുൻഭാഗം പെയിന്റ് ചെയ്യുകയും കേടുവന്ന ഫാനിനു പകരം പുതിയത് വാങ്ങി നൽകുകയും ചെയ്തു.