തൃശൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്ചയിൽ ഒരു തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ അണുനശീകരണം നടത്തണമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് - മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ജില്ലയിലാകെയുളള മാർക്കറ്റുകളും പൊതുഇടങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കളക്ടർ എസ്. ഷാനവാസ്, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.സി. റെജിൽ, ജില്ലാ കുടുംബശ്രീ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ.വി. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു. യോഗശേഷം മന്ത്രി എ.സി. മൊയ്തീൻ, കളക്ടർ എസ്. ഷാനവാസ് എന്നിവർ അണുനശീകരണം നടത്തിയ ശക്തൻ മാർക്കറ്റ് സന്ദർശിച്ചു.

മാർക്കറ്റുകൾ അണുവിമുക്തമാക്കൽ തുടങ്ങി
കോർപേറേഷൻ പരിധിയിലേയും മുനിസിപ്പാലിറ്റികളിലേയും മാർക്കറ്റുകൾ അണുവിമുക്തമാക്കുന്ന നടപടി തുടങ്ങി. മാർക്കറ്റുകൾ പൂർണ്ണമായും അടച്ചിട്ടാണ് രണ്ട് ദിവസത്തെ ശുചീകരണ പ്രവർത്തനം നടത്തുത്. തൃശൂർ ശക്തൻ മാർക്കറ്റിൽ കോർപറേഷൻ നേതൃത്വത്തിലായിരുന്നു അണുവിമുക്തമാക്കൽ. മന്ത്രി എ.സി. മൊയ്തീൻ, മേയർ അജിത ജയരാജ്, കളക്ടർ എസ്. ഷാനവാസ്, ഡെപ്യുട്ടി മേയർ റാഫി ജോസ്, വർഗീസ് കണ്ടം കുളത്തി എന്നിവരും സ്ഥലത്തെയിരുന്നു. ശക്തനിലെ മത്സ്യ മാർക്കറ്റലും ശുചീകരണം ആരംഭിച്ചു.