തൃശൂർ: സഹകരണ മേഖലയിലെ സാമ്പത്തിക വികസന സംഘടനയായ നാഷണൽ കോ- ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ആത്മനിർഭർ ഭാരതിലെ 'സഹകാർമിത്ര" പദ്ധതിപ്രകാരം ഇന്റേൺഷിപ്പ്, യുവ സഹകരണ സംരംഭക സ്‌റ്രാർട്ടപ്പ് പദ്ധതികൾക്ക് വായ്‌പാ സഹായം നൽകുന്നു.

എൻ.സി.ഡി.സിയിൽ പെയ്ഡ് ഇന്റേണായി ജോലി ചെയ്യാൻ യുവ പ്രൊഫഷണലുകൾക്ക് അവസരം നൽകുന്ന പദ്ധതിയിലൂടെ, അവർക്ക് പ്രായോഗിക പരിജ്ഞാനത്തിനും അവസരമൊരുക്കും. അക്കാഡമിക് സ്ഥാപനങ്ങളിലെ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് കാർഷികോത്പന്ന സംഘടനകൾ പോലുള്ള സഹകരണ സംഘങ്ങളിൽ ജോലി ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും. കൃഷി, അനുബന്ധ മേഖലകൾ, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിലെ പ്രൊഫഷണൽ ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാം. അഗ്രി ബിസിനസ്, കോർപ്പറേഷൻ തുടങ്ങിയവയിൽ എം.ബി.എ ബിരുദമുള്ളവർക്കും കോഴ്‌സ് ചെയ്യുന്നവർക്കും അപേക്ഷിക്കാം.

''നാല് മാസക്കാലയളവിലെ ഇന്റേൺഷിപ്പ് സഹകാർ മിത്ര പദ്ധതിക്കായി എൻ.സി.ഡി.സി ഫണ്ട് നീക്കിവച്ചിട്ടുണ്ട്. അപേക്ഷിക്കാൻ എൻ.സി.ഡി.സിയുടെ വെബ്‌സൈറ്റിലെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ സന്ദർശിക്കണം""

നരേന്ദ്ര സിംഗ് തോമർ,

കേന്ദ്ര കൃഷി, കർഷക ക്ഷേമമന്ത്രി