എരുമപ്പെട്ടി: മത്സ്യങ്ങളുടെ പ്രജനന പ്രക്രിയക്ക് പ്രതികൂലമാകുന്ന തരത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽ നിയമ വിരുദ്ധ മീൻപിടിത്തം വ്യാപകം. പുഴയും കുളങ്ങളും വയലുകളുമായി ബന്ധിപ്പിക്കുന്ന തോടുകളിൽ കുരുത്തിയും കുത്തുവലയും ചാട്ടയും ഊത്തയും ഉപയോഗിച്ചാണ് മീൻ പിടിത്തം നടത്തുന്നത്. മഴക്കാലമാണ് മത്സ്യങ്ങളുടെ പ്രജനന സമയം. പുതുമഴയായാൽ മത്സ്യങ്ങൾ ഒഴുക്കിനെതിരെ തോടുകളിലൂടെ സഞ്ചരിക്കും. വളർച്ചയെത്തിയ ഒരു നാടൻ മത്സ്യത്തിൽ പതിനായിരത്തിനടുത്ത് കുഞ്ഞുങ്ങളുണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രജനന കാലത്തുള്ള മീൻപിടിത്തം മത്സ്യ സമ്പത്തിന് പ്രതികൂലമായി ബാധിക്കും.
മത്സ്യങ്ങളുടെ സഞ്ചാരമാർഗങ്ങൾ തടസപ്പെടുത്തി മീൻ പിടിക്കുന്നത് കേരള അക്വകൾച്ചർ ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായി മീൻപിടിക്കുന്നത് 15,000 രുപ പിഴയും ആറ് മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഫിഷറീസ്, പൊലീസ് , റവന്യു വകുപ്പുകളിലേക്കും പഞ്ചായത്ത് ഉൾപ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നടപടി സ്വീകരിക്കാം. എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ് തോട്ടിൽ ഇത്തരത്തിൽ നിയമവിരുദ്ധമായുള്ള മീൻപിടുത്തം വലിയ തോതിൽ നടത്തുന്നുണ്ട്. ഇതിനെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികളും കർഷകരും ആവശ്യപ്പെട്ടു.
................
മഴക്കാലമാണ് മത്സ്യങ്ങളുടെ പ്രജനന സമയം.
ഒരു നാടൻ മത്സ്യത്തിൽ പതിനായിരത്തിനടുത്ത് കുഞ്ഞുങ്ങളുണ്ടാകുമെന്ന് വിദഗ്ദ്ധർ
പ്രജനന കാലത്തുള്ള മീൻപിടിത്തം മത്സ്യ സമ്പത്തിന് പ്രതികൂലമായി ബാധിക്കും
മത്സ്യങ്ങളുടെ സഞ്ചാരമാർഗങ്ങൾ തടസപ്പെടുത്തി മീൻ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്
15,000 രുപ പിഴയും ആറ് മാസം തടവും ലഭിക്കാവുന്ന കുറ്റം