ബുക്കിംഗ് നമ്പർ: 9188526391

തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോക്ടർമാരെ മുൻകൂട്ടി ബുക്ക് ചെയ്ത് സന്ദർശിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നു. ഫോണിൽ വിളിച്ചോ അല്ലെങ്കിൽ സ്മാർട്ട് ഫോണിലെ ആപ്ലിക്കേഷൻ വഴിയോ ഡോക്ടറുടെ സേവനവും സമയവും മുൻകൂട്ടി ഉറപ്പിക്കാം.

ആശുപത്രിയിൽ വരാതെ തന്നെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ലക്ഷ്യമിടുന്നു. നേരത്തെ ബുക്ക് ചെയ്യുന്നവരെ ഒരു നിശ്ചിത സമയത്ത് വീഡിയോ കോൺഫറൻസ് വഴി ഡോക്ടർമാർ സംസാരിക്കുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യും. 65 വയസിന് മുകളിലുള്ളവരും, കുട്ടികളും, ഗർഭിണികളും, ഒരിക്കൽ ഡോക്ടറെ കണ്ട ശേഷം തുടർചികിത്സ ആവശ്യമുള്ളവരും ഈ സേവനം നിർബന്ധമായും ഉപയോഗിക്കണം. ഇവർക്ക് തിരക്കൊഴിഞ്ഞ സമയത്ത് ബന്ധുക്കളെയോ സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് മരുന്ന് കൊണ്ടു പോകാം.

ഔഷധം മാത്രം വാങ്ങിയാൽ മതിയെങ്കിൽ അങ്ങനെയുള്ളവർക്ക് അധികം തിരക്കില്ലാതെ മരുന്നു ലഭ്യമാക്കുന്നതിനുള്ള നടപടി ഉണ്ടാകും. ഓൺലൈൻ സേവനവും ബുക്കിംഗും സൗജന്യമാണ്.

നിരാമയ പദ്ധതിയുടെയും അതിന്റെ ഭാഗമായി പൊതുജന സംവാദത്തിന് ഏർപ്പെടുത്തിയ ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. കുട്ടികളിലെ ആത്മഹത്യാപ്രവണത തടയുന്നതിനുള്ള പ്രതിരോധ പരിപാടിയായ 'കളറാണ് ജീവിത'ത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജകുമാരി നിർവഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ പരിപാടികളാണ് കളറാണ് ജീവിതത്തിലൂടെ നടപ്പിലാക്കുന്നത്.