കൊടകര പുലിപ്പാറക്കുന്നിലെ ഒറ്റമുറി വീട്ടിൽ കളിപ്പാട്ട വില്പനക്കാരായ വിജയനും ഭാര്യ വിജയലക്ഷ്മിയും
കൊടകര: കൊവിഡ് വ്യാപനത്തിന് തടയിടുന്നതിനായി ആഘോഷങ്ങൾ നിറുത്തിവച്ചതോടെ കളിപ്പാട്ട വിൽപ്പനക്കാരും വയോധികരുമായ ദമ്പതികളുടെ ജീവിതം ദുരിതത്തിലായി. കൊടകര പുലിപ്പാറക്കുന്ന് കൃഷ്ണവിലാസത്തിൽ വിജയനും (69) വിജയലക്ഷ്മിയും (59) രോഗാധിക്യത്താൽ നടക്കാൻ പോലും കഴിയാതെ അവശതയിലാണ്. ലോക്ക് ഡൗൺ ആയതോടെ ഇവരുടെ വരുമാനമാർഗമായ കളിപ്പാട്ടങ്ങൾ കെട്ടി പെറുക്കി വച്ചിരിക്കുകയാണ്.
15 വർഷത്തോളം ട്രെയിനിൽ കളിപ്പാട്ടം വില്പന നടത്തിയ ദമ്പതികൾ പിന്നീട് ഉത്സവ പറമ്പുകളിലേക്ക് മാറുകയായിരുന്നു. 40 വർഷത്തിധികമായി കളിപ്പാട്ട വില്പന ഉപജീവനമാക്കിയിട്ട്. ഭാഗികമായി തകർന്ന പച്ച ഇഷ്ടികയിൽ നിർമിച്ച ഒറ്റമുറി വീട്ടിലിരിക്കുന്ന ഇവർക്ക് സ്ഥിരമായി കഴിക്കുന്ന മരുന്ന് പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. കരൾ രോഗിയായ വിജയൻ ഒരു വീഴ്ചയെ തുടർന്ന് കാൽമുട്ട് തകർന്ന് ഓപറേഷൻ ചെയ്തതിനാൽ പരസഹായമില്ലാതെ വീടിന്റെ പടി കയറാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഷുഗർ രോഗിയും, ഒരു കണ്ണിന് കാഴ്ചയില്ലാത്ത വിജയലക്ഷ്മിയുടെ കാലിലെ മൂന്ന് വിരലുകൾ മുറിച്ചുമാറ്റി. എങ്കിലും ശാരീരിക അവശതകൾ വകവെക്കാതെ ഇവർ ഉപജീവനത്തിനായി ഉത്സവപറമ്പുകളിലും പള്ളിപ്പെരുന്നാളുകൾക്കും കളിപ്പാട്ട വിൽപ്പനക്ക് പോയിരുന്നു.
മൂന്ന് വർഷമായി ദുരിതമായി രോഗിയായ വിജയലക്ഷ്മിക്കും വിജയനും മരുന്നിന് മാത്രം മാസം 10,000 രൂപയിലധികമാവും. വിവാഹിതയായ ഒരു മകൾ മാത്രമാണിവർക്കുള്ളത്. ഭക്ഷണത്തിനുള്ള അരിയും, സൗജന്യ കിറ്റുകളും ലഭിക്കുന്നുണ്ടെന്ന് അവർ പറയുന്നു. മരുന്നിനായി ജില്ലാ ആശുപത്രിയിലേക്ക് ഓട്ടോ വിളിച്ച് പോകുന്നതിനും മരുന്നു വാങ്ങുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഭാഗികമായി തകർന്ന വീടിന്റെ സ്ഥിതിയും ദയനീയമാണ്. സഹായത്തിനായി സുമനസുകളെ പ്രതീക്ഷിക്കുകയാണ് വിജയനും ഭാര്യ വിജയലക്ഷ്മിയും.