ചാലക്കുടി: ശുചീകരണങ്ങൾക്കായി ആഴ്ചയിൽ രണ്ടു ദിവസം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ നഗരസഭ എടുത്ത തീരുമാനത്തിൽ ഭേദഗതി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വ്യാപാരി പ്രതിനിധികളുടെ യോഗമാണ് തിങ്കളാഴ്ചയിലെ തീരുമാനത്തിൽ സുപ്രാധനമായ മാറ്റങ്ങൾ വരുത്തിയത്. ഇതുപ്രകാരം ഞായർ, തിങ്കൾ ദിവസങ്ങളിലായിരിക്കും ചന്ത അടച്ചിടുക. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിട്ടു ശുചീകരിക്കുമെന്നായിരുന്നു മുൻതീരുമാനം. മാർക്കറ്റ് റോഡ് ഉൾപ്പടെ അടിച്ചിടാനുള്ള തീരുമാനത്തിലും ഭേദഗതി വരുത്തി. മത്സ്യമാംസ സ്റ്റാളുകളും ചന്തയ്ക്കകത്തെ കച്ചവട സ്ഥാപനങ്ങളും മാത്രമെ അടക്കുകയുള്ളു. ചൊവ്വാഴ്ചയിലെ പ്രത്യേക യോഗത്തിൽ എടുത്ത തീരുമാനം എം.എൽ.എ, ജില്ലാ കളക്ടർ എന്നിവരുടെ സമ്മതോടെ മാത്രമെ നടപ്പിലാക്കുകയുള്ളുവെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും ചന്തയും പരിസരവും ശുചീകരിക്കുന്നുണ്ടെന്നും വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ വ്യക്തമാക്കി. മുനിസിപ്പൽ സെക്രട്ടറി എം.എസ്. ആകാശ്, ഹെൽത്ത് സൂപ്രണ്ട് ബാലസുബ്രഹ്മണ്യം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, സെക്രട്ടറി റെയ്‌സൺ ആലുക്ക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.