കൊടുങ്ങല്ലൂർ: കൊവിഡ് സെന്ററാക്കിയ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ആവശ്യപ്പെട്ടു. കൊവിഡ് രോഗികൾ എത്തിത്തുടങ്ങിയാൽ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് ആശുപത്രി പ്രവർത്തനത്തെയും ബാധിക്കാതിരിക്കണമെങ്കിൽ ചുരുങ്ങിയത് രണ്ട് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ലഭിക്കേണ്ടതുണ്ട്.
ഇവിടെയുണ്ടായിരുന്ന കിടപ്പു രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ 7 ഡോക്ടർമാരെയും മറ്റ് സ്റ്റാഫിനെയും അവിടേക്ക് മാറ്റേണ്ടി വന്നു. ബാക്കിയുള്ളവർക്ക് തുടർച്ചയായി 7 ദിവസം വീതമാണ് ഡ്യൂട്ടി നൽകുന്നതിന് ക്രമീകരണം നടത്തിയിട്ടുള്ളത്. ഇതിനിടെ ആർക്കെങ്കിലും അത്യാവശ്യമായി അവധിയെടുക്കേണ്ടി വന്നാൽ സ്ഥിതി പ്രതിസന്ധിയിലാകും. നേരത്തെ ആവശ്യമായ സ്റ്റാഫിനെ നൽകാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നതാണ്. അതിനാൽ ഡോക്ടർമാർ ,നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവരെ നിയോഗിക്കാൻ നടപടി വേണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു.