കൊടുങ്ങല്ലൂർ: നഗരസഭയുടെ നേതൃത്വത്തിൽ കോട്ടപ്പുറം മാർക്കറ്റിലെ കടകൾ അടച്ച് പൂട്ടിയിട്ട ശേഷം ഇന്നലെ ചന്തയിൽ അണു നശീകരണം നടത്തി. ഫയർ ആൻഡ് റസ്ക്യു വിഭാഗമാണ് അണു നശീകരണം നടത്തിയത്. അണു നശീകരണം നടത്തിയ ശേഷം ഇന്നും മാർക്കറ്റിൽ കടകൾ അടച്ചിടാൻ നിർദ്ദേശം നൽകിയതായി നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.
വ്യാഴാഴ്ച പതിവ് പോലെ മാർക്കറ്റ് പ്രവർത്തിക്കും. ഇനി മുതൽ മാർക്കറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം കടകളടച്ച് അണു നശീകരണം നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിലെ ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങാൻ പാടില്ല. ഒരു കടയിൽ ചരക്കിറക്കിയ ശേഷം അടുത്ത കടയിലേക്ക് വാഹനം നീക്കിയിട്ട് ചരക്കിറക്കുമ്പോൾ ഡ്രൈവർ ഇറങ്ങാതെ തൊഴിലാളികളോ കടയിലെ ജീവനക്കാരോ ആണ് ഇറക്കേണ്ടത്. മാർക്കറ്റിൽ തെർമൽ സ്കാനിംഗിനായി ജീവനക്കാരുണ്ടാകും.
എല്ലാ നിയമങ്ങളും കച്ചവടക്കാരും തൊഴിലാളികളും ചന്തയിൽ വരുന്നവരും കർശനമായി പാലിക്കണം. ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും ചെയർമാൻ വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. കെ.എസ്. കൈസാബ്, വി.എം. ജോണി, വി.ജി. ഉണ്ണിക്കൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ കെ. ബിന്ദു, തൊഴിലാളി നേതാക്കളായ വേണു വെണ്ണറ, ഒ.സി. ജോസഫ്, ജയശങ്കർ, ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ, ഇൻസ്പെക്ടർ സലിം എന്നിവർ സംബന്ധിച്ചു.