തൃപ്രയാർ: പോളി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ സന്തോഷിന്റെ ആഗ്രഹം സഫലം. തെരുവിൽ അലയുന്നവരുടെയും, കിടപ്പു രോഗികളുടെയും മുടി സൗജന്യമായി വെട്ടുകയും, കുളിപ്പിക്കുകയും ചെയ്തിരുന്ന ഓട്ടോ ഡ്രൈവർ നാട്ടിക സ്വദേശി കാള കൊടുവത്ത് സന്തോഷിന്റെ വലിയ ആഗ്രഹമായിരുന്നു ഒരു ട്രിമ്മർ ലഭിക്കണമെന്നുള്ളത്.
കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നാട്ടിക പഞ്ചായത്ത് ക്യാമ്പിൽ കഴിഞ്ഞിരുന്ന നിരവധി പേരുടെ മുടി വെട്ടുന്നതിനിടെയാണ് ട്രിമ്മർ കേടായത്. ട്രിമ്മർ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ള സന്തോഷിനെ കുറിച്ചുള്ള കേരളകൗമുദി വാർത്ത വായിച്ച നാട്ടിക എസ്. എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ സന്തോഷിനായി ട്രിമ്മറും മറ്റ് സാമഗ്രികളും വാങ്ങി നൽകി.
കഴിഞ്ഞ ദിവസം പക്ഷാഘാതം വന്ന മുറ്റിച്ചൂരിലെ രാമകൃഷ്ണന്റെ മുടി വെട്ടാൻ പോയപ്പോൾ സന്തോഷിനോട് തനിക്ക് കുത്തിപ്പിടിക്കാനൊരു വടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാമൂഹിക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ജയൻ ബോസിന്റെ ഇടപെടലിനെ തുടർന്ന് ഡോ. അനിതാശങ്കർ ഇരുവരെയും സഹായിക്കാമെന്നേറ്റു.
രണ്ട് പേർക്കുമുള്ള ഉപകരണങ്ങൾ അനിതാ ശങ്കർ നൽകി. തൃപ്രയാർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, വലപ്പാട് പൊലീസ് സ്റ്റേഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.എ നൂറുദ്ധീൻ എന്നിവർ ചേർന്ന് ഇരുവർക്കും ഉപകരണം കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ്, ജയൻ ബോസ്, സതീഷ് കല്ലയിൽ തുടങ്ങിയവർ പങ്കെടുത്തു.