സൗകര്യങ്ങൾ ഇല്ലാത്തവരുടെ കണക്കെടുപ്പിൽ പൊരുത്തക്കേടുകൾ
തൃശൂർ: ഓൺലൈൻ പഠനം ലഭ്യമാകാത്തവർക്ക് സൗകര്യം ഒരുക്കാനുള്ള നടപടികൾക്ക് തുടക്കം. പത്തു ദിവസങ്ങൾക്കകം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും സംവിധാനം ഒരുക്കുമെന്ന് അധികൃതർ. പഠനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചെങ്കിലും ആയിരക്കണക്കിന് കുട്ടികൾക്ക് സൗകര്യം ലഭ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പൊതുഇടങ്ങളിൽ പഠനസൗകര്യം ഒരുക്കിയെങ്കിലും മുഴുവൻ വിദ്യാർത്ഥികൾക്കും പ്രയോജപ്പെടുത്താൻ സാധിച്ചിട്ടില്ല.
രണ്ടു ശതമാനം കുട്ടികൾക്ക് ഫോണും ടി.വിയും ഇല്ലെന്നാണ് സമഗ്ര ശിക്ഷാകേരളം ജില്ലാ അധികൃതർ പറയുന്നത്. സമഗ്ര ശിക്ഷാകേരളം അധികൃതർ കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. തുടർന്ന് ടി.വി കമ്പനി നിർമ്മാതാക്കളുമായി നടത്തിയ ചർച്ചയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം സൗകര്യം ഒരുക്കാൻ 10 ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും അർഹരായ കുട്ടികൾക്ക് ടെലിവിഷൻ വ്യക്തിഗമായി നൽകാനുള്ള പട്ടികയും തയാറാക്കിയിട്ടുണ്ട്. എം.എൽ.എമാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അടക്കം കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഒരുക്കുന്നതിന് മുന്നിലുണ്ട്. കൂടാതെ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും പൂർവ്വ വിദ്യാർത്ഥി സംഘടനകളും വ്യവസായ സ്ഥാപനങ്ങളും അടക്കം സൗജന്യമായി ടി.വി അടക്കം നൽകിയിട്ടുണ്ട്. ഇതോടെ മുഴുവൻ പേർക്കും സൗകര്യം ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ.
മഴക്കാലത്ത് പൊതു ഇടങ്ങളിൽ കുട്ടികൾക്ക് എത്തിചേരാനാകാത്ത സാഹചര്യം ഉണ്ടാകരുതെന്ന നിലപാടിലാണ് ജില്ലാ അധികൃതർ. വ്യക്തിഗതമായി ടെലിവിഷൻ നൽകാൻ താമസിക്കുമെന്നതിനാലാണ് വാർഡ്തലത്തിൽ കൂട്ടികളുടെ സൗകര്യത്തിന് അനുസരിച്ച് വായനശാലകളിലും കമ്യൂണിറ്റി സെന്ററുകളിലും സൗകര്യം ഒരുക്കിയത്. അതേസമയം സ്മാർട്ട് ഫോണോ, ടി.വിയോ ഇല്ലാത്ത കുട്ടികളുടെ എണ്ണം കണ്ടെത്താനായി നടത്തിയ സർവേകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ആരോപണമുണ്ട്.
സൗകര്യം ഒരുക്കാൻ
ജില്ലയിൽ ആകെയുള്ള കുട്ടികൾ- 3,43,367
വിവിധ സർവേ പ്രകാരം സൗകര്യമില്ലാത്തവരുടെ കണക്കുകൾ
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്തല സർവേയിൽ- 14,000
ക്ലാസ് അദ്ധ്യാപകർ മുഖേന നടത്തിയ സർവേയിൽ - 10,019
സൂക്ഷ്മ പരിശോധനയിൽ- 8500
സ്‌പോൺസർമാർ വഴി ലഭ്യമാകുന്നത്
അപ്പോളോ ടയേഴ്‌സ്- 100 ടി.വി
വ്യവസായ വകുപ്പ്- 101
സമഗ്ര ശിക്ഷ അഭയാൻ- 125