sn
മുനയം ബണ്ട് പൊളിക്കലും പുതിയ റെഗുലേറ്റർ പാലത്തിന്റെ നിർമ്മാണവും പരിശോധിക്കാൻ ഗീത ഗോപി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ബണ്ട് പരിശോധന നടത്തുന്നു.

അന്തിക്കാട്: മുനയം ബണ്ട് പൊളിക്കലും പുതിയ റെഗുലേറ്റർ പാലത്തിന്റെ നിർമ്മാണവും അടിയന്തരമായി തുടങ്ങാൻ താന്ന്യം പഞ്ചായത്ത് ഹാളിൽ ചേർന്ന ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനം. ബണ്ട് പൊട്ടിച്ച് പുഴയുടെ സ്വാഭാവിക ഒഴുക്കിന് പ്രാപ്തമാക്കുന്ന രീതിയിലുള്ള പ്രവൃത്തിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും.

24 കോടി രൂപ ചെലവിൽ പുതിയ റെഗുലേറ്റർ പാലത്തിന്റെ നിർമ്മാണം ജൂലായ് ആദ്യവാരം തുടങ്ങും. റെഗുലേറ്ററിന് ഏഴ് ഷട്ടറുകൾ ഉണ്ടാകും. ഇതിൽ 12 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമുള്ള 5 ഷട്ടറുകളും 7 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമുള്ള 2 ഷട്ടറുകളാണ് ഉണ്ടായിരിക്കുക. റോഡിന്റെ വീതി അഞ്ച് മീറ്റർ ആയിരിക്കും. അപ്രോച്ച് റോഡിന്റെ പ്രവൃത്തിയാണ് അടുത്ത മാസം തുടങ്ങുക. പുഴയിലെ പ്രവൃത്തികൾ വെള്ളത്തിന്റെ അളവ് കുറയുന്ന മുറയ്ക്ക് നവംബറിലായിരിക്കും തുടങ്ങുക. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാകും.

ഇതോടെ നാട്ടിക മണ്ഡലത്തിലെ ജനങ്ങൾക്ക് ഇരിങ്ങാലക്കുട മണ്ഡലവുമായി എളുപ്പത്തിൽ ബന്ധപ്പെടാനാകും. ഗീതാ ഗോപി എം.എൽ.എ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് വി. ഐ അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും,​ ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സികൂട്ടീവ് എൻജിനിയർ കെ. കെ സുഭാഷ്, മെക്കാനിക്കൽ എ.ഇ എസ്. മുഹമ്മദ് ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.