visakalana-clase

എച്ചിപ്പാറ ആദിവാസി കോളനിയിലെ വിശകലന ക്ലാസ്

പുതുക്കാട്: കൊടകര ബി.ആർ.സിയും കൊടകര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് പൊതുകേന്ദ്രങ്ങളിൽ ഓൺലൈൻ പഠന ക്ലാസുകൾ കാണുന്ന ആദിവാസി കോളനി മേഖലയിലെ വിദ്യാർത്ഥികൾക്ക് വിശകലന ക്ലാസുകൾ ആരംഭിച്ചു. വിദ്യാലയത്തിലെ അദ്ധ്യാപകർക്ക് എത്തിചേരാൻ ബുദ്ധിമുട്ടുള്ള ആദിവാസി കേന്ദ്രങ്ങളിൽ ബി.ആർ.സി അദ്ധ്യാപകരും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, സന്നദ്ധരായ അദ്ധ്യാപകർ തുടങ്ങിയവർ ചേർന്നാണ്‌ വിശകലന ക്ലാസുകൾ ഒരുക്കുന്നത്.
വാട്‌സ്ആപ് കൂട്ടായ്മയിലൂടെ അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ ബി.ആർ.സി ആവിഷ്‌ക്കരിച്ച പദ്ധതിക്ക് പ്രസക്തിയേറെയാണ്. സമഗ്ര ശിക്ഷ കേരള, കൊടകര ബി.ആർ.സി പരിധിയിൽ 12 ട്രൈബൽ കോളനികളാണുള്ള്. മറ്റത്തൂർ പഞ്ചായത്തിൽ കാരിക്കടവ്, ശാസ്താംപൂവം, മോനൊടി എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ നടത്തുന്നതിനായി ഒരുക്കിയിട്ടുള്ളത്. കാടർ, മലയർ വിഭാഗത്തിൽപ്പെടുന്ന 83 വിദ്യാർത്ഥികൾ ഇവിടെ എത്തുന്നു. വരന്തരപ്പിള്ളിയിലെ കള്ളിച്ചിത്ര, കുന്നത്തുപാടം, എലിക്കോട്, എച്ചിപ്പാറ, ചക്കിപ്പറമ്പ്, ഒളനപറമ്പ്, വേപ്പൂർ, ചീനിക്കുന്ന്, നടാംപാടം എന്നീ കോളനികളിലായി ആറു പൊതു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇവിടെ 73 വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിൽ പങ്കാളിയാകുന്നുണ്ട്.

വിദ്യാർത്ഥികൾക്ക് അവർ കണ്ട പാഠഭാഗങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കാൻ വിശലകന ക്ലാസുകൾ ഉപകരിക്കുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ബി.ആർ.സിയുമൊത്ത് ഫസ്റ്റ് ബെൽ എന്നൊരു പ്രൊജക്ട് ഈ മേഖലകളിൽ നടപ്പാക്കി. ആഴ്ചയിൽ രണ്ടു ദിവസം എല്ലാ കോളനി കേന്ദ്രങ്ങളിലേക്കും ബി.ആർ.സിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരെത്തി പഠന വിശകലന ക്ലാസുകൾ നടത്തും. ഇതാണ് ഫസ്റ്റ് ബെൽ പ്രൊജക്ട്. ഈ മേഖലയിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ലഭ്യമാണ്. വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ സഹായവും എസ്.സി പ്രൊമോട്ടർമാരുടെ സഹകരണവും ഈ കേന്ദ്രങ്ങളിൽ ലഭിക്കുന്നുണ്ട്.

..............................

സമഗ്ര ശിക്ഷ കേരള, കൊടകര ബി.ആർ.സി പരിധിയിൽ 12 ട്രൈബൽ കോളനികൾ

മറ്റത്തൂർ പഞ്ചായത്തിൽ മൂന്ന് പഠന കേന്ദ്രങ്ങളിലായി കാടർ, മലയർ വിഭാഗത്തിൽപ്പെടുന്ന 83 വിദ്യാർത്ഥികൾ എത്തുന്നു

വരന്തരപ്പിള്ളി മേഖലയിൽ ആറു പൊതു കേന്ദ്രങ്ങൾ

വിദ്യാർത്ഥികൾക്ക് അവർ കണ്ട പാഠഭാഗങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കാൻ വിശലകന ക്ലാസുകൾ ഉപകരിക്കുന്നു.