manal-kuna
കുറുമാലി പുഴയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മണല്‍ കൂനയില്‍ പഠനസംഘം

പുതുക്കാട്: കുറുമാലിപ്പുഴ ഒഴുകുന്ന വരന്തരപ്പിള്ളി പഞ്ചായത്തിലെ കന്നാറ്റുപാടം, കാരിക്കുളം ഭാഗത്ത് നിന്ന് അമിതമായി മണൽ നീക്കം ചെയ്ത് മാറ്റിയിട്ടത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ സമിതി അംഗവും ഭൗമശാസ്ത്രജ്ഞനുമായ ഡോ. എസ്. ശ്രീകുമാർ.
ശാസ്ത്രീയമായ പഠനത്തിനും വിദഗ്‌ദ്ധോപദേശത്തിനും മണൽ ഓഡിറ്റിംഗിനും ശേഷം ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അനുമതിയോടെ മാത്രം ചെയ്യേണ്ട പ്രവൃത്തിയാണ് വനമേഖലയിലെ ഖനനം. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഠനസംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ച് പഠനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഡോ. എസ്. ശ്രീകുമാർ. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് പുഴയ്ക്ക് വലിയ വീതിയില്ല. ഗണ്യമായ തോതിൽ സമതല നിക്ഷേപമില്ല. പുഴയുടെ മദ്ധ്യത്തിൽ സ്വാഭാവികമായി രൂപപ്പെട്ട മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ, പുഴയുടെ അടിത്തട്ടിനെയും ഇരുകരകളെയും പ്രതികൂലമായി ബാധിക്കുന്ന വിധമാണ് ഇവിടെ അമിതമായി മണൽ ഖനനം ചെയ്ത് പുഴയോരത്ത് മാറ്റിയിട്ടിരിക്കുന്നത്.

പുഴയുടെ അടിത്തട്ടിലെത്തുന്ന ഒഴുക്കുവെള്ളം ഇരുകരകളെയും കവർന്നെടുക്കാനുള്ള സാദ്ധ്യത വർദ്ധിച്ചിരിക്കുന്നു. തീരം ഇടിയാനുള്ള സാദ്ധ്യതയും വർദ്ധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം പ്രതിരോധിക്കാനുള്ള മുൻ കരുതലെന്ന നിലയ്ക്ക് ഒഴുക്കിന് തടസം നിൽക്കുന്ന കടപുഴകി വീണ മരങ്ങളും പാലം പണിക്കിടെ നിക്ഷേപിക്കപ്പെട്ട കോൺക്രീറ്റും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാനുദ്ദേശിച്ച് നടത്തുന്ന ജലപ്രയാണം പദ്ധതിയുടെ മറവിലാണ് നീക്കമെന്നും സംഘം അഭിപ്രായപെട്ടു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി ടി. സത്യനാരായണൻ, പരിസര വിഷയസമിതി ജില്ലാ കൺവീനർ ടി.വി. വിശ്വംഭരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ജി ഗോപിനാഥൻ, പി.എസ് ജൂന, അഡ്വ. കെ.പി. രവിപ്രകാശ് തുടങ്ങിയവരും പഠനസംഘത്തിലുണ്ടായിരുന്നു.