mini-jankar-4
ഗോകുലൻ സുഹൃത്തുമായി മിനി ജങ്കാറിനൊപ്പം

കയ്പമംഗലം: രണ്ട് വർഷം മുമ്പ് പ്രളയത്തിൽ സ്വന്തം ദേശത്തിന്റെ ദുരിതം കണ്ടറിഞ്ഞപ്പോൾ മുതൽ തീരുമാനമെടുത്തതാണ് ഗോകുലൻ. വെള്ളം മുങ്ങുമ്പോൾ, എന്തെടുത്ത് കര കയറണമെന്നറിയാതെ ആളുകൾ പരക്കം പായുമ്പോൾ ഗോകുലനും തീരുമാനമെടുത്തു. ഒരു രക്ഷാ ബോട്ട്. ചെറുവാഹനങ്ങൾ കയറ്റാവുന്ന തരം ഒരു ജങ്കാർ. എടത്തിരുത്തി പഞ്ചായത്ത് ചെന്ത്രാപ്പിന്നി തണ്ടയാംപറമ്പിൽ ഗോകുലൻ (65) 30 വർഷമായി അമേരിക്കൻ കമ്പനിയിൽ മറൈൻ ടെക്നിക്കൽ മാനേജറായും, എൻജിനീയറായുമെല്ലാം പ്രവർത്തിച്ച ആ അനുഭവം കൊണ്ട് അങ്ങനെയൊന്ന് നിർമ്മിച്ചു. 500 കിലോ ഭാരം വരുന്ന " പ്രളയം " എന്ന് പേരിട്ട മിനി ജങ്കാർ.

മത്സ്യത്തൊഴിലാളികൾ പ്രളയത്തിൽപെട്ടവരെ രക്ഷപെടുത്തുന്നതും, കാടുകളും കുന്നുകളും കല്ലും അടിത്തട്ടിൽ പ്രതിബന്ധമാകുന്നതുമെല്ലാം മനസിലാക്കി ചരിയുകയും മറിയുകയും ചെയ്യാത്ത രീതിയിലായിരുന്നു രൂപകൽപ്പന. രണ്ട് മാസത്തെ നിതാന്ത പരിശ്രമത്തിൽ,​ 12 അടി നീളത്തിലും അഞ്ച് അടി വീതിയിലും പൂർണ്ണമായും അലുമിനിയം കൊണ്ടായിരുന്നു നിർമ്മാണം.

വിദഗ്ദ്ധരായ രണ്ട് അലുമിനിയം വെൽഡിംഗ് ജോലിക്കാർ നിർമ്മാണത്തിനായി മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന അലൂമിനിയം മെറ്റീരിയലുകൾ ഉപയോഗിച്ചു. സ്വന്തം വീടിന്റെ കോമ്പൗണ്ട് പണിശാലയാക്കി. ശരീരം ചവിട്ടു പടിയായി നൽകിയ ജൈസലിന്റെ പ്രവൃത്തിയും ഗോകുലനെ സ്വാധീനിച്ചു. അതിനാൽ ജങ്കാർ,​ മുതിർന്നവർക്കും കുട്ടികൾക്കും എളുപ്പത്തിൽ നടന്നു കയറാവുന്ന വിധത്തിലാക്കി. ഏകദേശം പത്തോളം പേർക്ക് ഇരിക്കാം.

ബൈക്കും എളുപ്പത്തിൽ ജങ്കാറിനുള്ളിലേക്ക് ഓടിച്ച് കയറ്റാം. ഏത് സ്ഥലത്തേക്കും എളുപ്പത്തിൽ കൊണ്ടുപോകാവുന്ന വിധം ട്രയിലറും നിർമ്മിച്ചു. ഇത് വലിച്ച് കൊണ്ടുപോകാനായി ഒരു ജീപ്പും ഗോകുലൻ വാങ്ങി. മൂന്ന് മാസമായി ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും കൊവിഡും, ലോക്ക് ഡൗണും കാരണം ഇതിന്റെ ട്രയൽ നോക്കുവാനായിട്ടില്ല. എമർജെൻസി രക്ഷാ ഫോഴ്‌സ് (ഇ.ആർ.എഫ്) ഗോകുലന്റെ രക്ഷാ പ്രവർത്തന ബോട്ടിനെ കുറിച്ചറിഞ്ഞ് ഇതിന്റെ വിവരങ്ങളെല്ലാം എടുത്ത് പോയിട്ടുണ്ട്. രണ്ട് വർഷമായി നാട്ടിൽ ഭാര്യയും മകളുമൊന്നിച്ച് വിശ്രമ ജീവിതം നയിക്കുകയാണ് ഗോകുലൻ.