തൃശൂർ: ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി രൂപീകരിച്ച ഹയർ സെക്കൻഡറിയുടെ നാഷണൽ സർവീസ് സ്‌കീമായ എജ്യൂ ഹെൽപ്പിന്റെ പ്രവർത്തനം ജില്ലയിൽ പൂർണം. ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി,​ ലാപ്‌ടോപ്പ്, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിപ്രകാരം 111 ടിവികളാണ് ജില്ലയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയത്.

നൂറ് ടി.വി യൂണിറ്റുകൾ കൂടി വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. കേച്ചേരി അൽ അമീൻ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ സംഭാവന ചെയ്ത ടെലിവിഷൻ പ്രോഗ്രാം ഓഫീസറായ പി.എം. റയ്യാനത്തിൽ നിന്നേറ്റ് വാങ്ങിയാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏതൊക്കെ ഇടങ്ങളിലാണ് ടി.വിയും മറ്റ് പഠനോപകരണങ്ങളും ആവശ്യമുള്ളതെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പ്രകാരമായിരുന്നു പദ്ധതിയുടെ പ്രവർത്തനം. എജ്യു ഹെൽപ്പിന്റെ സമാപനം ഗവ. ചീഫ് വിപ്പ് കെ. രാജൻ നിർവഹിച്ചു.

ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ വി.എം. കരീം, അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ഇ.ഡി. ഷാജു, പ്രിൻസിപ്പൽമാരായ എ. സരസ്വതി, എ.ഡി. ഫ്രാൻസിസ്, നാഷണൽ സർവ്വീസ് സ്‌കീം ജില്ലാ കൺവീനർ എം.വി. പ്രതീഷ്, പെർഫോമൻസ് അസെസ്സ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.