കൊടുങ്ങല്ലൂർ: കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പരിപാടി നഗരസഭയിൽ നടപ്പിലാക്കുന്നതിന് 1.31 ലക്ഷം വിവിധ കാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. മുഴുവൻ കിണറുകളും റീ- ചാർജ് ചെയ്യുന്നതുൾപ്പെടെ ആകെ കാർഷിക മേഖലയിൽ 53 ലക്ഷം രൂപ വകയിരുത്തി. ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഒരു ലിറ്റർ പാലിന് ദിവസവും 4 രൂപ വീതം വർഷത്തിൽ 40,000 രൂപ വരെ നൽകും.
ആട് വളർത്താൻ 4.4 ലക്ഷവും, കന്നുകുട്ടി തീറ്റ സബ്സിഡിയിനത്തിൽ 11 ലക്ഷവും, കറവപ്പശുവിന് കാലിത്തീറ്റ സബ്സിഡി 12.67 ലക്ഷവും, കാലിത്തൊഴുത്ത് നിർമ്മാണത്തിന് സഹായമായി ഏഴര ലക്ഷം രൂപയും കറവപ്പശു, എരുമ എന്നിവ വാങ്ങുന്നതിന് 12 ലക്ഷം രൂപയും മുട്ടക്കോഴി വിതരണത്തിന് 3.17 ലക്ഷമാണ് നീക്കിവെച്ചിട്ടുള്ളത്. മീൻ വളർത്തൽ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് 8 ലക്ഷത്തോളം രൂപ നീക്കിവെച്ചിട്ടുണ്ട്. കുളത്തിലെ കരിമീൻ കൃഷി, ബയോ ഫ്ളോക്ക് മത്സ്യക്കൃഷി, വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യക്കൃഷി എന്നിവയ്ക്കാണ് സാമ്പത്തിക സഹായ പദ്ധതി ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും .ഈ പദ്ധതികളെല്ലാം ഈ മാസം തന്നെ നിർവഹണമാരംഭിക്കുമെന്നും നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. നഗരസഭയിലെ കൃഷി ഓഫീസർ, വെറ്ററിനറി സർജൻ, ഫിഷറീസ് ഓഫീസർ, ഡയറി ഡെവലപ്മെന്റ് ഓഫീസർ എന്നിവരെയാണ് പദ്ധതി നിർവഹണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ വർഷത്തെ വാർഷിക പദ്ധതി രൂപീകരിച്ച് മാർച്ച് മാസത്തിൽ തന്നെ നഗരസഭ അംഗീകാരം വാങ്ങിയിരുന്നു. ഇപ്പോൾ പദ്ധതിയിൽ വീണ്ടും മാറ്റം വരുത്തി സുഭിക്ഷ കേരളം പരിപാടിക്കായി കാർഷികോൽപാദന മേഖലയിൽ 1.31 ലക്ഷത്തോളം രൂപ നീക്കിവെയ്ക്കുകയായിരുന്നുവെന്നും ചെയർമാൻ വിശദീകരിച്ചു.
....................................................................
തുക വകയിരുത്തിയത് ഇങ്ങനെ
തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്നതിന് 11.6 ലക്ഷം
പച്ചക്കറി ഗ്രോബാഗ് വിതരണത്തിന് 10 ലക്ഷം
തെങ്ങുകൃഷി വികസനത്തിന് 15.12 ലക്ഷം
സമഗ്ര നെൽക്കൃഷിക്ക് 4.9 ലക്ഷം
ഫലവൃക്ഷങ്ങൾ, സുഗന്ധവിളകൾ എന്നിവയുടെ നടീൽ വസ്തുക്കളുടെ വിതരണത്തിന് 4 ലക്ഷം