ചാലക്കുടി: റെയിൽവെ പുഴമ്പാലത്തിന്റെ ഡൗൺ ലൈനിലെ ഗർഡർ സ്പാനുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനാൽ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ ചാലക്കുടി സ്റ്റേഷനിൽ നിറുത്തിയിട്ട് ശേഷം സമയക്രമത്തിൽ പടിഞ്ഞാറ് ഭാഗത്തെ അപ് ലൈൻ ട്രാക്കിൽ കൂടിയാണ് കടത്തി വിടുന്നത്. ചാലക്കുടിയിൽ നിന്നും ട്രാക്ക് മാറ്റിയോടുന്ന ട്രെയിനുകൾ അങ്കമാലിയിൽ വച്ചാണ് പഴയപടിയിലാക്കിയത്. കാലപ്പഴക്കത്തെ തുടർന്ന് മൂന്നു ഗർഡറുകളാണ് മാറ്റുന്നത്. മൂന്നുവർഷം മുമ്പുതന്നെ പുതിയ ഗർഡറുകൾ പാലത്തിന്റെ തെക്കേ അറ്റത്ത് മുരിങ്ങൂരിൽ എത്തിച്ചിരുന്നു. ഇവ പാളങ്ങളുമായി ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളും നേരത്തെ നടന്നു. എന്നാൽ തിരക്കേറിയ പാതയായതിനാൽ മാറ്റി സ്ഥാപിക്കുന്നതിന് റെയിൽവെ അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നില്ല. ലോക്ക് ഡൗൺ വേളയിലും ഇതിന് സാധ്യമായില്ല. സ്പാനുകൾ മാറ്റി സ്ഥാപിക്കൽ വ്യാഴാഴ്ച രാവിലെയോടെ പൂർത്തിയാകും. അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റു സ്പാനുകളും മാറ്റാനാണ് ആലോചന.