കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ 22, 23 വാർഡിലുള്ള കടലോരത്ത് തടയണ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മനുഷ്യ തടയണ നിർമ്മിച്ചു. ഈ ഭാഗത്തെ 170 മീറ്റർ നീളത്തിൽ കടലെടുത്തു പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ മനുഷ്യ തടയണ നിർമ്മിക്കൽ നടന്നത്.

പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകൾ അപകട ഭീഷണിയിലാണെന്നും തടയണ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എറിയാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ കടപ്പുറത്ത് സംഘടിപ്പിച്ച സമരത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.ബി. മൊയ്തു അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എച്ച്. മഹേഷ്, ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഷംസുദീൻ, യു.ഡി.എഫ് കൺവീനർ പി.എസ്. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദ്, ടി.എം. കുഞ്ഞുമൊയ്തീൻ, ബഷീർ കൊണ്ടാമ്പുള്ളി, കെ.എസ്. രാജീവൻ, ഇ.കെ. സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.