തൃശൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ നിർമ്മാണം തുടങ്ങിയ ദിവാൻജിമൂല മേൽപ്പാലം അടുത്തമാസം ഗതാഗതത്തിന് തുറന്ന് കൊടുത്തേക്കും. ഇടുങ്ങിയ പാലവും കുപ്പിക്കഴുത്തു പോലുളള റോഡും തിരക്കേറിയ ജംഗ്ഷനുമുളള ദിവാൻജിമൂലയിൽ കൊവിഡ് പ്രതിരോധകാലത്തും തിരക്കാണ്. മേൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ.

മെറ്റലിംഗ്, ടാറിംഗ് തുടങ്ങിയ പണി മാത്രമാണ് നടക്കാനുള്ളത്. അപ്രോച്ച് റോഡിന്റെ മെറ്റലിംഗ് പണി ഉടൻ തുടങ്ങും. റോഡ് വീതികൂട്ടി നിർമാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയോട് ചേർന്നുളള ചേരിയിലെ പത്തുവീടുകൾ പൊളിച്ചുമാറ്റും. ഇവിടെ താമസിക്കുന്നവരെ പുതുതായി നിർമ്മിച്ച ഫ്‌ളാറ്റിലേക്ക് മാറ്റും.

പരിസരത്തുള്ള വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും സർവീസ് റോഡ് നിർമ്മിച്ചിട്ടുണ്ട്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ നിർമ്മാണം രാഷ്ട്രീയക്കളികളിലും നിരവധി തവണ ഉടക്കി. റെയിൽവേയും കോർപറേഷനും തമ്മിലുള്ള തർക്കം കാരണം നിർമ്മാണം പലപ്പോഴും നിലച്ചു. മേൽപ്പാലം പണി സതേൺ റെയിൽവേ പൂർത്തീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡുകളുടെ നിർമാണത്തിൽ ഇടതുഭരണസമിതി കാലതാമസമുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാനആരോപണം.

കഴിഞ്ഞ മാർച്ച് 31 നുള്ളിൽ പൂർത്തീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ ലോക്ക്ഡൗണിൽ പണി മുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചുരുങ്ങിയ കാലത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ മേൽപ്പാലമാണിതെന്നാണ് ഭരണസമിതിയുടെ അവകാശവാദം. നാലുവർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്.

ചെലവ്

ഭൂമി ഏറ്റെടുത്തതുൾപ്പെടെ 20 കോടി.

മേൽപ്പാലത്തിന് മാത്രം 7.56 കോടി

കാനയുടെ നീളം: 250 മീറ്റർ

ഫുട്പാത്ത്: ഒന്നര മീറ്റർ

സർവീസ് റോഡ്: 80 മീറ്റർ

മൂന്ന് ഗുണങ്ങൾ

വടക്കൻജില്ലകളിലേക്കും ദീർഘദൂരബസുകൾക്കും ലോറികൾക്കും കുരുക്കില്ലാതെ കടക്കാം

ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലേക്കും എറണാകുളത്തേക്കുമുള്ള ഗതാഗതം സുഗമമാകും

റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും

......................

പാലത്തിൻ്റെ പണി ഭൂരിഭാഗവും പൂർത്തിയായി. അടുത്തമാസം തന്നെ തുറന്ന് കൊടുക്കാനുള്ള അവസാനവട്ട ഒരുങ്ങളാണ് നടക്കുന്നത്

അജിതജയരാജൻ

മേയർ

തൃശൂർ