ഷാർജയിൽ നിന്നും മടങ്ങിയെത്തിയത് 215 പേർ


തൃശൂർ : കൊവിഡ് ദുരിത കാലത്ത് പാർലമെന്റ് അംഗത്തിന്റെ പേരിൽ, ഗൾഫിൽ നിന്നും ആദ്യമായി ഒരു ചാർട്ടേർഡ് വിമാനം പറന്നിറങ്ങി. തൃശൂർ ലോക്‌സഭാംഗം ടി.എൻ. പ്രതാപന്റെ പേരിലുളള എംപീസ് പ്രവാസി കെയറിന്റെ ഭാഗമായിട്ടായിരുന്നു ഈ മടക്കയാത്ര. ഷാർജയിൽ നിന്നും കൊച്ചിയിലേക്കാണെത്തിയത്. ഗർഭിണികളും പ്രായമായവരും തൊഴിൽ നഷ്ടപ്പെട്ടവരുമായ 215 പേർ വിമാനത്തിലുണ്ടായിരുന്നു. ഇപ്രകാരം, പ്രവാസി കെയർ യു.എ.ഇ ചാപ്റ്ററും ദുബായിലെ തൃശൂർ ജില്ലാ ഇൻകാസ് കമ്മിറ്റിയും സംയുക്തമായാണ് എം.പിയുടെ പേരിൽ വിമാനം ഒരുക്കിയത്. യാത്രക്കാരിൽ ഭൂരിഭാഗവും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ളവരായിരുന്നു. കൂടാതെ, സമീപ മണ്ഡലമായ ചാലക്കുടിയിലെയും നിവാസികൾ ഉണ്ടായിരുന്നു. സ്വന്തം നാട്ടിലെത്താൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കും ഇതോടൊപ്പം സൗജന്യ വിമാന ടിക്കറ്റുകൾ നൽകാൻ കഴിഞ്ഞെന്ന് ടി.എൻ പ്രതാപൻ എം പി പറഞ്ഞു. യു.എ.ഇയിലെ റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ, ഇൻകാസ് യു.എ.ഇ എന്നിവരുടെ കൂടി സഹകരണത്തോടെയായിരുന്നു ചാർട്ടേർഡ് വിമാനം.