തൃശൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ ജയ്ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി മാർക്കറ്റുകൾ നാളെ അടച്ചിട്ട് അണുനശീകരണ പ്രവർത്തനം നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തനിലെ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിൽ അണുനശീകരണ പ്രവർത്തനം പൂർത്തിയാക്കി. ശക്തനിലെ മാർക്കറ്റുകളിൽ നടപ്പിലാക്കുന്ന ക്ലീനിംഗ് ടോക്കൺ സംവിധാനം ഇന്നു മുതൽ ജയ്ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി മാർക്കറ്റുകളിലും നടപ്പിലാക്കാൻ തീരുമാനിച്ചു. ശനിയാഴ്ച്ചകളിൽ അടച്ചിട്ട് വ്യാപാരികളുടെയും, കോർപ്പറേഷൻ ഹെൽത്ത് ജീവനക്കാരുടെയും, തൊഴിലാളികളുടെയും സഹകരണത്തോടെ സംയുക്തമായി അണുനശീകരണ പ്രവർത്തനം നടപ്പിലാക്കാനാണ് പദ്ധതി. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ ശക്തനിലെ ശുദ്ധീകരണ ശാലയിൽ ചെന്ന് ലോറി ശുദ്ധീകരിച്ച ശേഷം ഡ്രൈവറും ക്ലീനറും ദേഹശുദ്ധി വരുത്തണം. അതിന് ശേഷം പൊലീസിൽ നിന്ന് ലഭിക്കുന്ന ടോക്കൺ ഉപയോഗിച്ച് മാത്രമാണ് മാർക്കറ്റിൽ പ്രവേശനം. യോഗത്തിൽ മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ്. പി, ഡി.പി.സി. അംഗം വർഗ്ഗീസ് കണ്ടംകുളത്തി, കൗൺസിലർ അനൂപ് ഡേവിസ് കാട, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സി.ഐ. ലാൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.