തൃശൂർ: കൊവിഡ് ഭീതിയിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർദ്ധിച്ചെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം ഇതേദിവസം 27 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 84 കേസുകളാണ് ഇപ്രാവശ്യം റിപ്പോർട്ട് ചെയ്തത്.
ജൂണിൽ മാത്രം 18 കേസുകളായി. മഴ കനക്കുന്നതോടെ കൊതുക് വീണ്ടും കൂടാനുള്ള സാഹചര്യവുമുണ്ട്. ലോക്ഡൗണിൽ കുടുങ്ങിയതിനാൽ മഴക്കാല പൂർവ്വ ശുചീകരണം വേണ്ടവിധത്തിൽ നടത്താനായിട്ടില്ല. അതുകൊണ്ട് നഗരകേന്ദ്രങ്ങളിൽ കാനകൾ കൊതുകു പ്രജനന കേന്ദ്രങ്ങളാണ്. മലയോര മേഖലയിൽ കുടിവെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളിൽ പോലും കൊതുക് വിരിയുന്നുണ്ട്. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മലയോര മേഖലകളിലാണ്. പരിയാരം മേഖലയിൽ രോഗ ബാധിതരേറെയാണ്. വരന്തരപ്പിള്ളി, മറ്റത്തുർ, മേലൂർ, വരവൂർ, മാള, ചാലക്കുടി അടക്കം മലയോര മേഖലകളിൽ രോഗം വല്ലാതെ വർദ്ധിച്ചു. കോർപറേഷൻ മേഖലയിൽ കോട്ടപ്പുറം, പുത്തൂർ, ചുങ്കം എന്നീ മേഖലകളിലും വർദ്ധനവുണ്ട്.
എലിപ്പനിയിൽ ആശ്വാസം
സംശയാസ്പദമായി ഒരാൾ മരിച്ചതല്ലാതെ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞവർഷം ഇക്കാലയളവിൽ അഞ്ചു പേർക്കായിരുന്നുവെങ്കിൽ ഈ വർഷം ഏഴ് പേർക്ക് റിപ്പോർട്ടു ചെയ്തു. മഴ കനക്കുന്ന ജൂലായ് അടക്കം മാസങ്ങളിൽ എലിപ്പനി കൂടാനുള്ള സാദ്ധ്യതയേറെയാണ്.
ജാഗ്രത വേണം
കർഷകർ അടക്കം പാടത്തും വെള്ളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഡെങ്കു നിർമാർജ്ജനത്തിനായി പ്രത്യേക ടാക്‌സ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്.
വൈറൽ പനിയും കുറവ്
കഴിഞ്ഞ വർഷത്തേക്കാൾ കുറവ് ആളുകൾക്കാണ് പനി ബാധിച്ചത്. കഴിഞ്ഞവർഷം 74,168 പേർക്കാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം 46,551 പേർക്ക് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. 21,135 പേർക്ക് കഴിഞ്ഞ വർഷം വയറിളക്കം റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം ഇത് 14,704 പേർക്കായി ചുരുങ്ങി.