അരിമ്പൂർ: വഴിയരികിൽ തളർന്നു വീണ വയോധികയ്ക്ക് കനിവും പരിചരണവും നൽകി അന്തിക്കാട് ജനമൈത്രി പൊലിസ്. അരിമ്പൂർ ആറാംകല്ലിൽ താണിപറമ്പ് റോഡരുകിൽ തളർന്നു വീണ മുത്താം വീട്ടിൽ പാറു (70) വിനാണ് അന്തിക്കാട് പൊലിസ് സഹായമായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതുവഴി വന്ന ഒരു മാദ്ധ്യമ പ്രവർത്തകനാണ് വിവരം പൊലിസിനെ അറിയിച്ചത്. അന്തിക്കാട് എസ്.ഐ: കെ.ജെ. ജിനേഷ്, പി.വി. വികാസ് എന്നിവർ ചേർന്ന് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. വിവാഹം കഴിച്ചിട്ടില്ലെന്നും ബന്ധുക്കളൊന്നും തിരിഞ്ഞ് നോക്കുന്നില്ലെന്നും, പ്രളയ സഹായമായി ലഭിച്ച പതിനായിരം രൂപയും ക്ഷേമ പെൻഷനും ബന്ധുക്കളിലെ ചിലർ തട്ടിയെടുക്കുകയാണെന്നും ഈ അമ്മ പറയുന്നു. മൂന്ന് സെന്റ് ഭൂമിയിലെ പണി പൂർത്തിയാകാത്ത വീട്ടിൽ ഇവർ ഒറ്റക്കാണ് താമസമസിക്കുന്നത്. പൊലിസ് ഇവരെ ജീപ്പിൽ കയറ്റി വീട്ടിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ശാരീരിക അവശതയാൽ ജീപ്പിൽ കയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ വീട്ടിൽ നിന്ന് കൊണ്ടുവന്ന കസേരയിലിരുത്തി 200 മീറ്ററോളം ദൂരം താങ്ങിയെടുത്താണ് പൊലിസ് വയോധികയെ വീട്ടിലെത്തിച്ചത്.