kpm-police-station
കയ്പമംഗലം പൊലീസ് സ്റ്റേഷൻ

കയ്പമംഗലം: പരാതി പറയേണ്ടത് ആരോട് എന്ന അവസ്ഥയിലാണ് ഈ പൊലീസുകാർ. കേസു കെട്ടുകളുടെ അധിക ഭാരത്താലും അംഗബലം കുറഞ്ഞതിനാലും കഠിന ശ്വാസം വലിക്കുകയാണ് കയ്പമംഗലം ജനമൈത്രി പൊലീസ് സ്റ്റേഷൻ. സ്റ്റേഷൻ പരിധി കുറവുള്ള മറ്റ് പൊലീസ് സ്റ്റേഷനുകളെല്ലാം ഗ്രേഡ് ഉയർത്തി സി.ഐമാർക്ക് കീഴിലാക്കി കൂടുതൽ എസ്.ഐമാരെ നിയമിച്ചു. അപ്പോഴും കയ്പമംഗലം സ്റ്റേഷൻ പുറത്തായി.

ജനസാന്ദ്രതയിൽ മുന്നിലുള്ള എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളാണ് സ്റ്റേഷൻ പരിധിയിലുള്ളത്. ഇവിടെ ഒരു പ്രിൻസിപ്പൽ എസ്.ഐയും രണ്ട് എ.എസ്.ഐമാരും ഉൾപ്പെടെ 26 ഉദ്യോഗസ്ഥരാണ് ദിനംപ്രതി വെട്ട് , കുത്ത്, കഞ്ചാവ്, പോക്‌സോ തുടങ്ങി നൂറുക്കണക്കിന് കേസുകളിൽ ഇടപെടുന്നത്.

സ്റ്റേഷൻ പരിധിയുടെ വ്യാപ്തിയും, കേസുകളുടെ എണ്ണവും കൂടിയപ്പോഴാണ് ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ രണ്ട് വർഷം മുമ്പ് മതിലകം പൊലീസ് സ്റ്റേഷൻ വിഭജിച്ച് കയ്പമംഗലത്ത് പുതിയ സ്റ്റേഷൻ വന്നത്. കേസിന്റെ ആധിക്യം കൊണ്ട് പലർക്കും അത്യാവശ്യ ഘട്ടങ്ങളിൽ പോലും ലീവ് എടുക്കാനാകുന്നില്ല. ജില്ലയിൽ 35 പൊലീസ് സ്റ്റേഷനുകളിലെ ഏക സി.ഐ ഇല്ലാത്ത പൊലീസ് സ്റ്റേഷനാണ് ഈ സ്റ്റേഷൻ.

പൊലീസ് ക്വാർട്ടേഴ്‌സ് ഇല്ലാത്തതും ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സാധാരണ പൊലീസ് സ്റ്റേഷനുകളിൽ 40 നും 50 നും ഇടയിൽ തസ്തികളുണ്ട്. ഇവിടെ 26 പേരേ ആകെയുള്ളൂ. കേസ് കൂടുതലുള്ളതിനാൽ കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐക്ക് ആഴ്ചയിലൊരിക്കൽ കുടുംബാംഗങ്ങളെ കാണാൻ പോലും കഴിയാത്ത അവസ്ഥയാണ്. സർക്കിൾ ഇൻസ്‌പെക്ടറുടെ ചുമതലയിൽ ചുരുങ്ങിയത് രണ്ട് എസ്.ഐ.മാരുടെയും ആവശ്യത്തിന് വനിതാ പൊലീസുകാരുടെയും കൂടി സേവനം ലഭിച്ചാലേ സ്റ്റേഷന്റെ പ്രവർത്തനം സുഗമമാകൂ. ലക്ഷക്കണക്കിന് രൂപ വിലയുള്ള തോക്ക്, ഗ്രനേഡ് പൊലെയുളള സാമഗ്രികൾ സൂക്ഷിക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്. നല്ല മഴ പെയ്താൽ ചുറ്റും വെള്ളം കെട്ടുകയും ചെയ്യും.

സമീപ സ്റ്റേഷനുകൾ ഇങ്ങനെ

മതിലകം സ്റ്റേഷൻ

രണ്ട് പഞ്ചായത്ത്

ഒരു സി.ഐ

നാല് എസ്.ഐ

വാടാനപ്പിള്ളി - വലപ്പാട് സ്റ്റേഷൻ

രണ്ടര പഞ്ചായത്തുകൾ

ഒരു സി.ഐ
3 എസ്.ഐ മാർ