ചാലക്കുടി: പോട്ടയിൽ രണ്ടു ദിവസമായി സംജാതമായിരുന്ന കൊവിഡ് ആശങ്കയ്ക്ക് വിരാമം. പനമ്പിള്ളി കോളേജ് റോഡിൽ ബുധനാഴ്ച പുലർച്ചെ മരിച്ച നവജാത ശിശുവിന് കൊവിഡ് ഇല്ലെന്ന സ്ഥിരീകരണമാണ് ചാലക്കുടിക്ക് ആശ്വാസമായത്. തമിഴ്‌നാട്ടിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞ 28 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. അവശനിലയിലായ കുട്ടിയെ ശുശ്രൂഷിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അടക്കം അഞ്ച് ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോയി. കുട്ടിയെ കൊണ്ടുപോയ ആട്ടോ ഡ്രൈവറും സംശയത്തിന്റെ നിഴലിലായി. കുട്ടിയുടെ കുടുംബക്കാരുടെ സ്രവം പരിശോധിച്ചത് നേരത്തെ നെഗറ്റീവായിരുന്നു. മരണ കാരണം അറിയുന്നതിന് കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.